ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദപത്രപ്പരസ്യത്തില്‍ വിശദീകരണം നല്‍കി എല്‍.ഡി.എഫ്. ചീഫ് ഇലക്ഷന്‍ ഏജന്റ്. അനുമതി വാങ്ങിയ ശേഷമാണ് പരസ്യം നല്‍കിയതെന്ന് ജില്ലാ ഭരണകൂടത്തിന് നല്‍കിയ വിശദീകരണത്തില്‍ എല്‍.ഡി.എഫ്. അവകാശപ്പെടുന്നു. സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗം ചില അഭ്യുദയകാംക്ഷികള്‍ നല്‍കിയതാണ്. അതില്‍ സ്ഥാനാര്‍ഥിക്ക് ബന്ധമില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.അനുമതി വാങ്ങിയ ഉള്ളടക്കത്തേക്കാള്‍ കൂടുതലായി ഒന്നും ഇരുപത്രങ്ങളിലും പരസ്യമായി നല്‍കിയിട്ടില്ല. സന്ദീപ് വാര്യരെക്കുറിച്ചുള്ള വിവാദഭാഗം എല്‍.ഡി.എഫ്. നല്‍കിയതല്ല. അഭ്യുദയകാംക്ഷികള്‍ നല്‍കിയ ഭാഗവുമായി സ്ഥാനാര്‍ഥിക്കോ എല്‍.ഡി.എഫിനോ ബന്ധമില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.
എല്‍.ഡി.എഫ്. ആലോചിച്ചല്ല വിവാദഭാഗം നല്‍കിയതെന്നും ജില്ലാ മോണിറ്ററിങ് അതോറിറ്റിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. അതോറിറ്റിയുടെ യോഗം ചേര്‍ന്ന ശേഷം തുടര്‍നടപടി ആലോചിക്കും. വിശദീകരണം തൃപ്തികരമാണോയെന്ന് അതോറിറ്റി പരിശോധിക്കും.സന്ദീപ് വാര്യര്‍ ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തിയതിന് പിന്നാലെയാണ് വിവാദപരസ്യം സിറാജ്, സുപ്രഭാതം എന്നീ പത്രങ്ങളില്‍ വന്നത്. നിശബ്ദപ്രചാരണദിവസം പുറത്തുവന്ന പരസ്യം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു..