കോട്ടയം തലയോലപ്പറമ്പിൽ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിക്ക് തീയിടാൻ ശ്രമിച്ച സംഭവത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ വെട്ടിക്കാട്ട് മുക്കിൽ നിർത്തിയിട്ടിരുന്ന ലോറിക്കാണ് റോഡിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കടപ്ലാമറ്റം സ്വദേശിയായ ഈ യുവാവ് തീവെച്ചത്. ഈ ശ്രമത്തെ തുടർന്ന് ലോറിയിലെ ഒരു ഗ്യാസ് സിലിണ്ടറിനും തീ പിടിച്ചു.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഉടൻ തന്നെ തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. തനിക്ക് മരിക്കാൻ വേണ്ടിയാണ് ലോറിക്ക് തീ കത്തിച്ചതെന്ന് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസിനോട് സമ്മതിച്ചു. ഇയാൾ മാനസിക വെല്ലുവിളികൾ നേരിടുന്നയാളാണ് എന്ന വിവരം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ യുവാവ് പോലീസ് കസ്റ്റഡിയിലാണ്.
