കൊച്ചി: കാക്കനാട് 22 ഗ്രാം എംഡിഎംഎ പികൂടിയ കേസിൽ അന്വേഷണം സിനിമാ മേഖലയിലേക്ക് വ്യാപിപ്പിച്ചു. അറസ്റ്റിലായ പ്രതികളിൽ ഒരാളായ കല്യാണി സിനിമാ പ്രവർത്തകരുമായി ലഹരി ഇടപാടുകൾ നടത്തിയിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവർ ആർക്കൊക്കെയാണ് ലഹരി കൈമാറിയതെന്ന കാര്യത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.

ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് 22 ഗ്രാം എംഡിഎംഎയുമായി ഉനൈസും കല്യാണിയും ഡാൻസാഫ് ടീമിന്റെ പിടിയിലായത്. കല്യാണി മോഡലും സിനിമാ പ്രൊമോഷൻ മേഖലയിൽ പ്രവർത്തിക്കുന്നയാളുമാണ്. ഉനൈസും കല്യാണിയും മുൻപ് ലഹരിക്കേസുകളിൽ പ്രതികളായിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് ഫ്ലാറ്റുകൾ എടുത്താണ് ഇവർ ലഹരി ഇടപാടുകൾ നടത്തിയിരുന്നത്.

രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് ടീം ഇവർ താമസിച്ച ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. 22 ഗ്രാം എംഡിഎംഎ കൂടാതെ, ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിങ് പൈപ്പുകൾ, അളവെടുക്കാനുള്ള ത്രാസ് എന്നിവയും ഇവരുടെ മുറിയിൽ നിന്നും പിടിച്ചെടുത്തു. സിനിമാ മേഖലയിലേക്കുള്ള ലഹരിയുടെ ഉറവിടം തേടിയുള്ള അന്വേഷണം നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *