കൊല്ലം കൊട്ടിയത്ത് ദേശീയപാത 66-ന്റെ ഭിത്തി ഇടിയുകയും റോഡ് തകരുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത തകർന്നതിന്റെ ഉത്തരവാദിത്തം കേരള സർക്കാരിന്റെ തലയിൽ വെക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “കേരള സർക്കാരിന്റെ തലയിലിടാൻ ഒരു വഴിയുമില്ല. ദേശീയപാതയുടെ എല്ലാ കാര്യങ്ങളും നിർവ്വഹിക്കുന്നത് ദേശീയപാത അതോറിറ്റിയാണ് . അതിന് കൃത്യമായ സംവിധാനമുണ്ട്. ആ സംവിധാനത്തിലുണ്ടായ പാളിച്ചയാണ് നമ്മുടെ നാട്ടിലെ അനുഭവം. അതാണ് അതോറിറ്റിയെ ചൂണ്ടിക്കാട്ടുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.
റോഡ് നിർമ്മാണത്തിൽ, അതിന്റെ ഡിസൈൻ മുതൽ എല്ലാ കാര്യങ്ങളും നിർവ്വഹിക്കുന്നത് ദേശീയപാത അതോറിറ്റിയാണ് എന്നും, ഈ വിഷയത്തിൽ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഒരിടത്ത് പ്രശ്നം കണ്ടതുകൊണ്ട് ദേശീയപാത ആകെ തകരാറിലായി എന്ന് കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് കൊല്ലം കൊട്ടിയത്ത് മൈലക്കാട് പാലത്തിന് സമീപം അപ്രോച്ച് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ട് ദേശീയപാത ഇടിഞ്ഞുവീണത്.
