കൊളറാഡോ: ഭിന്ന ശേഷിക്കാരായ കുട്ടികൾ പലപ്പോഴും സമൂഹത്തിൽ മാറ്റിനിർത്തപ്പെടുന്നത് കാണാൻ സാധിക്കും. എന്നാൽ ഓട്ടിസമുള്ള പതിനൊന്ന് വയസുകാരനെ തന്നോട് ചേർത്ത് നിർത്തി അവൻ മനസിൽ ആഗ്രഹിച്ച കാര്യം സാധിച്ച് നൽകിയിരിക്കുയാണ് പേര് പോലും വ്യക്തമാക്കാത്ത അജ്ഞാതൻ. കൊളറാഡോയിലാണ് സംഭവം. പതിനൊന്ന് വയസ് പ്രായമുള്ള ജൂഡ് കോഫി ഓട്ടിസം ബാധിച്ച കുട്ടിയാണ്.
പിയാനോ വായിക്കാൻ ഏറെ താൽപര്യമുള്ള ജൂഡിന് എന്നാൽ ഒരു പിയാനോ സ്വന്തമായി വാങ്ങിനൽകാനുള്ള സാന്പത്തിക ശേഷി രക്ഷിതാക്കൾക്കുമില്ല. എന്നാൽ പുതുവർഷത്തിൽ ജൂഡിനെ തേടി ഒരു പിയാനോ എത്തി. അയച്ചത് ആരെന്ന് പോലും വ്യക്തമാക്കാതെ ഒരു വലിയ പിയാനോയാണ് ജൂഡിന് ലഭിച്ചത്. സമ്മാനം ഏറെ ഇഷ്ടമായെങ്കിലും അയച്ചത് ആരാണെന്ന് അറിയാൻ ജൂഡിനും കുടുംബത്തിനും അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ലഭിച്ച പിയാനോ കണ്ടപ്പോൾ സമ്മാനം അയക്കാനിടയായ സംഭവത്തിലേക്കുള്ള സൂചന രക്ഷിതാക്കൾക്ക് ലഭിച്ചത്. ആരും പഠിപ്പിക്കാതെ തന്നെ പിയാനോ വായിക്കുന്ന ഓട്ടിസമുള്ള ബാലനേക്കുറിച്ച് വന്ന പ്രാദേശിക വാർത്തയാണ് പിയാനോ സമ്മാനത്തിന് കാരണമായത്.
ഘാനയിൽ നിന്ന് കൊളറാഡോയിലേക്ക് കുടിയേറിയവരാണ് ജൂഡിന്റെ കുടുംബം. നാല് സഹോദരന്മാരാണ് ജൂഡിനുള്ളത്. വീടിന്റെ ബേസ്മെൻറിൽ കിടന്നിരുന്ന പൊട്ടിപ്പൊളിഞ്ഞ പിയാനോയിൽ തനിയെ ആണ് ജൂഡ് പഠനം നടത്തിയത്. സംഗീതത്തിലുള്ള ജൂഡിൻറെ കഴിവ് വളരെ വൈകിയാണ് അവൻറെ രക്ഷിതാക്കൾ പോലും തിരിച്ചറിഞ്ഞത്. തനിയെ പിയാനോ പഠിച്ച് വായിക്കുന്ന ഓട്ടിസം ബാധിച്ച 11കാരൻ എന്ന നിലയ്ക്ക് വാർത്തകളും വന്നിരുന്നു.
ഇതിന് പിന്നാലെയാണ് 15000 ഡോളർ വലിവരുന്ന പിയാനോ ജൂഡിന് ലഭിക്കുന്നത്. ജൂഡിൻറെ കഴിവുകളേക്കുറിച്ച് അറിഞ്ഞ പിയാനോ വിദഗ്ധനായ മാഗ്നുസൺ എന്നയാളാണ് പിയാനോ അയച്ചതെന്ന് ജൂഡിൻറെ കുടുംബം പറയുന്നു. മാസം തോറും വന്ന് പിയാനോയുടെ തകരാറുകൾ സ്വയം നീക്കാമെന്നും ഇയാൾ പിന്നീട് കുടുംബത്തെ അറിയിക്കുകയായിരുന്നു.