മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജായി ബിജെപി മഹിള മോർച്ച നേതാവു കൂടിയായ അഭിഭാഷക എൽ.സി.വിക്ടോറിയ ഗൗരിയെ കേന്ദ്ര സർക്കാർ നിയമിച്ചതിനു പിന്നാലെ വിവാദം.ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയെന്ന ആരോപണ നിഴലിലുള്ള ഗൗരിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികളിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. ഇന്ന് രാവിലെ പത്തരയ്ക്കാണ് സത്യപ്രതിജ്ഞ. ഇതിന് മുൻപ് തന്നെ കേസ് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്താൽ വിക്ടോറിയ ഗൗരിയുടെ നിയമനം റദ്ദാക്കുക പ്രയാസകരമാവും എന്നതിനാലാണ് ഇതിന് മുൻപ് തന്നെ കേസ് വാദം കേൾക്കുന്നത്.കഴിഞ്ഞ മാസം പതിനേഴിനാണ് മദ്രാസ് ഹൈക്കോടതിയുടെ മധുരാ ബെഞ്ചിൽ അഭിഭാഷകയായ വിക്ടോറിയ ഗൗരി അടക്കം അഞ്ചു പേരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരാക്കാൻ സുപ്രീം കോടതി കൊളീജീയം ശുപാർശ ചെയ്യുന്നത്.
കൊളീജിയം ശിപാർശ ചെയ്തത് പുനഃപരിശോധിക്കണമെന്ന് അഭിഭാഷകർ തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെ പരാമർശം നടത്തുകയും ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ ക്രൈസ്തവ വിരുദ്ധ ലേഖനം എഴുതുകയും ചെയ്തെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് വിക്ടോറിയ ഗൗരി.

Leave a Reply

Your email address will not be published. Required fields are marked *