കൊച്ചി: ജസ്ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അങ്കമാലി പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാൻ റൂറൽ എസ്പി ഉത്തരവിട്ടു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആലുവ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലും പ്രതിയെ തിരിച്ചറിയുന്നതിലും ഉദ്യോഗസ്ഥർ മനഃപൂർവം കാലതാമസം വരുത്തിയോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
അറസ്റ്റിലായ ഡോ. സിറിയക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അങ്കമാലി അഡ്രസ് കൺവെൻഷൻ സെൻ്ററിൽ ഒരു പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ഇടപ്പള്ളിയിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയാണ് അപകടം നടന്നതെന്ന് സിറിയക്ക് മൊഴി നൽകി. അപകടം നടന്ന ശേഷം നാട്ടുകാർ മർദ്ദിക്കുമെന്ന് ഭയന്നാണ് വാഹനം നിർത്താതെ പോയതെന്നാണ് സിറിയക്ക് പറഞ്ഞത്. എന്നാൽ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. അപകടസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താൻ മുടിയുടെയും നഖത്തിന്റെയും സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
വാഗമണ്ണിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന സിറിയക്കിനെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. പൊലീസിനെ വെട്ടിക്കാൻ ഇയാൾ രൂപമാറ്റം വരുത്തിയിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് സിറിയക്കിന്റെ പിതാവ് അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിന് ഇന്നലെ ജാമ്യം ലഭിച്ചു. ഫെബ്രുവരി 28-നാണ് അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായ ജസ്ലിയയെ സിറിയക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്. പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ജസ്ലിയ. മസ്തിഷ്ക മരണം സംഭവിച്ച ജസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
