പാലക്കാട്: മുൻ കോൺഗ്രസ് എംഎൽഎയും പെരിങ്ങോട്ടുകുറിശ്ശിയിലെ നേതാവുമായ എ വി ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി നിയമിച്ചു. നിയമനവുമായി ബന്ധപ്പെട്ട ഫയൽ നിയമവകുപ്പ് അംഗീകരിച്ച് ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ഉത്തരവ് പുറത്തിറങ്ങുന്നതോടെ വരും ദിവസങ്ങളിൽ അദ്ദേഹം ചുമതലയേൽക്കും. ഡോ. വി കെ വിജയൻ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ഗോപിനാഥിന്റെ നിയമനം.

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് സിപിഎം ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. നിയമനത്തിൽ അതിയായ സന്തോഷമുണ്ടെന്നും താൻ ഒരു ഗുരുവായൂരപ്പ ഭക്തനാണെന്നും എ വി ഗോപിനാഥ് പറഞ്ഞു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണ്. ഇനി എന്നും സിപിഎമ്മിനൊപ്പമായിരിക്കും എ വി ഗോപിനാഥ് വ്യക്തമാക്കി.

പാലക്കാട്ടെ പ്രാദേശിക സിപിഎം നേതൃത്വവുമായി ഗോപിനാഥ് അത്ര നല്ല ബന്ധത്തിലല്ലെന്നിരിക്കെയാണ് ഈ പദവി തേടിയെത്തുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പെരിങ്ങോട്ടുകുറിശ്ശിയിൽ എൽഡിഎഫ് പിന്തുണയോടെ മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു. തന്നെ തോൽപ്പിച്ചത് സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കളാണെന്ന് അദ്ദേഹം അന്ന് തുറന്നടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *