അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളെല്ലാം ഹൈക്കോടതിയുടെ നിരീക്ഷണങ്ങളോടെ പൊളിഞ്ഞുവീണതായി മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. കഴിഞ്ഞ ദിവസം വിജയ് അസോസിയേറ്റ്സ് ഓഡിറ്റ് ചെയ്ത കണക്കുകൾ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഈ നിരീക്ഷണങ്ങൾ പുറത്തുവന്നത് എന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമത്തിന്റെ പേരിൽ രാഷ്ട്രീയ ലാഭത്തിനായി ‘സുവർണ്ണാവസരം’ കാത്തിരുന്നവർക്ക് കോടതിയുടെ നിരീക്ഷണങ്ങൾ വലിയ തിരിച്ചടിയായെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

അങ്ങനെ ആ പ്രതീക്ഷയും ചീറ്റി..
അയ്യപ്പ സംഗമത്തെ സംബന്ധിച്ച് ഓഡിറ്റ് ചെയ്ത കണക്കുകൾ പരിശോധിച്ച ശേഷം ബഹു: ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ പുറത്ത് വന്നതോടെ അയ്യപ്പ സംഗമത്തിൻ്റെ പേരിൽ സുവർണ്ണാവസരം കാത്തിരുന്നവർക്ക് പ്രതീക്ഷയ്ക്ക് വകയില്ലാതായി.
അയ്യപ്പ സംഗമം സംബന്ധിച്ച അഴിമതി, ക്രമക്കേട്, മുഖ്യമന്ത്രിയ്ക്ക് കിടക്ക വാങ്ങി, മൂന്നാറിൽ ദേവസ്വം പ്രസിഡൻ്റിന് താമസിക്കാൻ ആഡംബര ഹോട്ടൽ, നടക്കാത്ത പരിപാടിയ്ക്ക് ഗോവിന്ദൻ ഭജൻസിന് ലക്ഷങ്ങൾ കൈമാറി അങ്ങനെ എത്രയോ കള്ളക്കഥകൾ.
അതെല്ലാം പൊളിഞ്ഞ് ഇല്ലാതായി.
വ്യഴാഴ്ച ഓഡിറ്റ് ചെയ്ത കമ്പനിയായ വിജയ് അസോസിയേറ്റ്സ് നൽകിയ കണക്കുകൾ സംബന്ധിച്ച് ബഹു: ഹൈക്കോടതി കൃത്യമായി പരിശോധിച്ച് ഉത്തരവ് ഇറക്കിയിരുന്നു.
ഓഡിറ്റ് റിപ്പോർട്ടിലെ സാധാരണ പിഴവുകളും ദേവസ്വം വ്യക്തത വരുത്തേണ്ട ചില രേഖകളുടെ അഭാവവും സ്പോൻസർഷിപ്പ് സംബന്ധിച്ച ദേവസ്വം ബോർഡ് നൽകേണ്ട വിശദീകരണങ്ങളുമാണ് ബഹുമാനപ്പെട്ട കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
ഏപ്രിൽ ഒന്നിന് വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഇത്തരം വസ്തുതകൾ കൂടി ദേവസ്വം ഉദ്യോഗസ്ഥർ ബഹുമാനപ്പെട്ട കോടതിയിൽ സമർപ്പിക്കും.
LDFസർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കി ജനങ്ങൾക്ക് മുന്നിൽ അഭിമാനത്തോടെ നിൽക്കുമ്പോൾ ശബരിമല മാത്രം..അത് മാത്രം സുവർണ്ണാവസരമായി കാണുന്നവരോട് ഭഗവാൻ പോലും പൊറുക്കില്ല.
സ്വർണ്ണമോഷണവിവാദമായാലും അയ്യപ്പ സംഗമമായലും അതെല്ലാം ബഹുമാനപ്പെട്ട കോടതി പരിശോധിച്ച് കാര്യങ്ങൾ പുറത്ത് വരട്ടേ എന്ന മഹത്തായ സമീപനമാണ് സർക്കാരും ദേവസ്വം ബോർഡും സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *