ഒരിക്കലും നടക്കില്ലെന്ന്‌ കരുതിയ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിച്ചു. വേമ്പനാട്ടുകായലിന്‌ കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തപ്പോൾ കര തൊട്ടത് ഒരു ദ്വീപൊന്നാകെയാണ്. പതിനായിരത്തിലേറെ ജനങ്ങൾ അധിവസിക്കുന്ന പെരുമ്പളം ദ്വീപിനെ മറുകരയുമായി ബന്ധിപ്പിച്ച്‌, കിഫ്ബി അനുവദിച്ച നൂറ് കോടി മുതൽ മുടക്കിൽ നിർമിച്ച പെരുമ്പളം പാലം എൽഡിഎഫ് സർക്കാരിന്റെ അഭിമാനപദ്ധതികളിലൊന്നാണ്.

നാട്ടുകാരുടെ ചിരകാല അഭിലാഷത്തിൻ്റെ പൂർത്തീകരണമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016ന് മുമ്പ് വലിയ തോതിലുള്ള തിക്താനുഭവങ്ങൾ കേരളം നേരിട്ടു. എൻ്റെ നാട് ഇങ്ങനെയായിപ്പോയല്ലോ എന്ന് കേരളം സ്വയം ശപിച്ച് കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു. ആ ശാപ അന്തരീക്ഷവും കടുത്ത നിരാശയും മാറി. ഇടത് സർക്കാർ ജനങ്ങൾക്ക് പ്രത്യാശ നൽകി. വാചകം കൊണ്ടല്ല പ്രത്യാശ വന്നതെന്നും നടക്കില്ല എന്ന് കരുതിയതെല്ലാം നടപ്പാകുന്ന നില വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതോടൊപ്പം സെമി എലിവേറ്റഡ്‌ പാതയായി പുനർനിർമിച്ച ആലപ്പുഴ -ചങ്ങനാശേരി റോഡ് (എസി റോഡ്), പടഹാരം പാലം എന്നിവയും മുഖ്യമന്ത്രി നാടിന്‌ സമർപ്പിച്ചു. ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. മന്ത്രി പി പ്രസാദ്, എ.എം. ആരിഫ് തുടങ്ങിയ ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

കിഫ്ബിയിലൂടെ 106 കോടി രൂപ വകയിരുത്തിയാണ് സർക്കാർ പദ്ധതി യാഥാർഥ്യമാക്കിയത്. 1,455.40 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിൽ കാൽനട യാത്രക്കാർക്കായി ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ സുരക്ഷിതമായ നടപ്പാതകൾ ഒരുക്കിയിട്ടുണ്ട്. ജലഗതാഗതത്തിന് തടസമുണ്ടാകാത്ത വിധം 55 മീറ്റർ നീളമുള്ള മൂന്ന് മനോഹരമായ ബോ സ്ട്രിംഗ് ആർച്ച് സ്പാനുകളും 35 മീറ്റർ നീളമുള്ള 27 സ്പാനുകളും ഉണ്ട്. കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നതാണ്‌ പാലം. സർക്കാരും ഒരു ജനതയും ഒന്നായിനിന്ന്‌ നേടിയെടുത്ത സ്വപ്‌നസാഫല്യത്തിന്റെ ചരിത്രം കൂടിയാണ് പെരുമ്പളം പാലം.

Leave a Reply

Your email address will not be published. Required fields are marked *