കേരളത്തെ നടുക്കിയ വന്ദന ദാസ് വധക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി മാർച്ച് 17-ന് വിധി പ്രസ്താവിക്കും. കേസിന്റെ അന്തിമ വാദം പൂർത്തിയായതിനെത്തുടർന്നാണ് വിധി പറയുന്ന തീയതി കോടതി നിശ്ചയിച്ചത്.
2023 മെയ് 10-നായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസ് അതിക്രൂരമായി കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ വേളയിൽ 70-ലധികം സാക്ഷികളെ കോടതി വിസ്തരിച്ചു. കൂടാതെ 22 തൊണ്ടിമുതലുകളും 207 നിർണ്ണായക രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കേരളം ഏറെ ഉറ്റുനോക്കുന്ന ഈ വിധിന്യായത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യ പ്രവർത്തകരും പൊതുസമൂഹവും.
