കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്ഥാപകൻ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി. കുട്ടിയെ (82) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ രാമനാഥപുരം നഞ്ചുണ്ടപുരം റോഡിലെ പാർസൻ നെസ്‌ലെ വില്ലയിലായിരുന്നു സംഭവം നടന്നത്. വായിൽ പ്ലാസ്റ്റർ ഒട്ടിച്ചും കൈകാലുകൾ തുണികൊണ്ട് ബന്ധിച്ച നിലയിലുമായിരുന്നു കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം വീട്ടിലെ ജോലിക്കാരിയായ നേപ്പാൾ സ്വദേശിനി സുർജയെ (38) കാണാതായിട്ടുണ്ട്.

സംഭവം നടക്കുമ്പോൾ കസ്തൂരിയുടെ മകനും എവിപി ഡയറക്ടറുമായ ഡോ. രാംകുമാർകുട്ടി വിദേശത്തായിരുന്നു. മകൾ സുജാത ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് അയൽവാസികളെ അറിയിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കസ്തൂരിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടിലെ മറ്റു വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നിട്ടുണ്ടോ എന്ന് മകൻ എത്തിയ ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ കവർച്ചാ സംഘമാണെന്നാണ് പ്രാഥമിക നിഗമനം.

വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് സുപ്രധാന തെളിവുകൾ ലഭിച്ചു. രാത്രി 12.20-ഓടെ മൂന്ന് യുവാക്കൾ മതിലിൽ ചാടിക്കടന്ന് ഉള്ളിൽ പ്രവേശിക്കുന്നതും, പിന്നീട് 12.56-ഓടെ സുർജയും ഇവരും ബാഗുകളുമായി മതിൽ ചാടി പുറത്തുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. നാല് മാസം മുൻപ് ഒരു ഏജൻസി വഴിയാണ് സുർജ ഇവിടെ ജോലിക്കെത്തിയത്. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയ പൊലീസ്, സംഭവസ്ഥലത്തുനിന്ന് സുർജയുടെ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *