കണ്ണൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഫേസ്‌ബുക്കില്‍ തന്‍റെ മകന്‍ ജെയിന്‍ രാജ് ഇട്ട പോസ്റ്റ് ചര്‍ച്ചയായ സാഹചര്യത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജന്‍. എഫ്‌ബി പോസ്റ്റ് പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് യോജിക്കുന്നില്ല എന്നാണ് ജയരാജന്‍റെ വാക്കുകള്‍.

മകന്‍ ഏത് സാഹചര്യത്തിലാണ് അത്തരമൊരു പോസ്റ്റ് ഇട്ടതെന്ന് അറിയില്ല, പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുകൊണ്ടാണെങ്കില്‍ അത്തരം ഒരു അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നില്ല എന്നാണ് ജയരാജന്‍ പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.ദൗര്‍ഭാഗ്യകരമായ മരണം നടന്ന പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.

‘ഇരന്ന് വാങ്ങുന്നത് ശീലമായി പോയി’ എന്നായിരുന്നു പി. ജയരാജന്റെ മകന്‍ ജയിന്‍ രാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് പാനൂരിലെ കൊലപാതകത്തെ ഉദ്ദേശിച്ചാണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പി ജയരാജന്‍ രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ആക്രമണത്തില്‍ വെട്ടേറ്റാണ് മന്‍സൂര്‍ കൊല്ലപ്പെടുന്നത്. സഹോദരന്‍ മുഹ്സിന്‍ ഗുരുതര പരുക്കുകളുമായി കോഴിക്കോട് ചികിത്സയിലാണ്.

പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇപ്പോള്‍ ചാനലുകളില്‍ എന്റെ മകന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതായി കണ്ടു.ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല.
പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല.ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്.

https://www.facebook.com/pjayarajan.kannur/posts/2966436416948942

Leave a Reply

Your email address will not be published. Required fields are marked *