കൂത്തുപറമ്പ് മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പാർട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

ആസൂത്രിതമായി നടന്ന കൊലപാതകമല്ലെന്നും സിപിഎമ്മിന് സ്വാധീനമില്ലാത്ത മേഖലയിലാണ് കൊലപാതകം നടന്നതെന്നും ജയരാജൻ പ്രതികരിച്ചു.

സിപിഎം പ്രവർത്തകനെ മർദ്ദിച്ചതിനെ തുടർന്നാണ് സംഘർഷം തുടങ്ങുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി ലീഗ് പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇതിനെ തുടർന്നാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

ലീഗ് പ്രവർത്തകർ വ്യാപകമായി പ്രദേശത്ത് പ്രകോപനം സൃഷ്ടിച്ചു. മാധ്യമ പ്രവർത്തകരെയും ലീഗുകാർ മർദ്ദിച്ചു. പൊതുവേ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു.

അതേസമയം മൻസൂറിന്റെ കൊലപാതകത്തിൽ ഗൂഢാലോചന ആരോപിച്ച് കോൺ​ഗ്രസ് നേതാവ് കെ.സുധാകരൻ രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ വിചാരിച്ച മുന്നേറ്റം ഉണ്ടാക്കാൻ പറ്റാത്തതിന്റെ നിരാശയിലാണ് മൻസൂറിനെ കൊലപ്പെടുത്തിയതെന്ന് സുധാകരൻ ആരോപിച്ചു. ഇത്തരം പ്രകോപനം ഇനിയും എൽഡിഎഫ് ആവ‍ർത്തിച്ചാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ വലിയ ​ഗൂഢാലോചനയുണ്ട്. കൂത്തുപറമ്പിലെ സിപിഎം നേതാവ് വത്സൻ പനോളിയാണ് ഇതിന് പിന്നിലെന്നും സുധാകരൻ ആരോപിച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് വത്സൻ പനോളി.

Leave a Reply

Your email address will not be published. Required fields are marked *