മുംബൈ: മുംബൈയിലെ നാല സൊപാരയില്‍ അമ്മയുടെ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ട 18കാരന്‍ ജീവനൊടുക്കി. അമ്മയുടെ ഫോണില്‍ ഗെയിം കളിക്കുന്നതിനിടെ വന്ന പോപ്പ് അപ് പരസ്യത്തില്‍ വിദ്യാര്‍ഥി ക്ലിക്ക് ചെയ്യുകയും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയുമായിരുന്നു. അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ആയെന്ന സന്ദേശം ഫോണില്‍ വന്നതോടെ ശാസന ഭയന്ന് വിദ്യാര്‍ഥി വീട്ടിലുണ്ടായിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു.

പുറത്തുപോയ അമ്മ അകത്തുവന്നപ്പോള്‍ വായില്‍ നിന്നും നുരയും പതയും വന്ന് കിടക്കുന്ന വിദ്യാര്‍ഥിയെയാണ് കണ്ടത്. ഉടന്‍ തന്നെ അയല്‍ക്കാരുടെ സഹായത്തോടെ ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. വീട്ടുകാര്‍ പണം നഷ്ടപ്പെട്ടതിനേക്കുറിച്ച് വിദ്യാര്‍ഥിയുടെ മരണശേഷവും അറിഞ്ഞിരുന്നില്ല. ആത്മഹത്യയാണ് എന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം അരംഭിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പുകള്‍ തിരഞ്ഞെങ്കിലും ലഭിക്കാത്തതിനെത്തുടര്‍ന്ന് ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ട കാര്യം പൊലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. സൈബര്‍സെല്ലില്‍ പരാതിപ്പെട്ടിരുന്നെങ്കില്‍ നഷ്ടപ്പെട്ട തുക തിരിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നായിരുന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *