ചൂരല്‍മല മുണ്ടക്കൈ ഉരുള്‍ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ (ഏപ്രില്‍ 9ന്) മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദുരന്തമുണ്ടായ ആദ്യമണിക്കൂര്‍ മുതല്‍ ദുരിതബാധിതരോടൊപ്പമുള്ള മുസ്ലിം ലീഗിന്റെ ഏറ്റവും പ്രധാനപ്പെട്ട പുനരധിവാസ ദൗത്യമാണ് ഭവനപദ്ധതിയെന്നും ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട 105 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.9ന് ഉച്ചക്ക് 2 മണിക്ക് മുട്ടില്‍ വയനാട് മുസ്ലിം ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ ശിലാസ്ഥാപനചടങ്ങുകള്‍ നടക്കും.മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സംസ്‌ക്കാരിക പൊതുസമ്മേളനത്തില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുസമദ് സമദാനി എം പി, പി.വി അബ്ദുല്‍ വഹാബ് എം.പി, പി എം എ സലാം, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ എം ഷാജി, പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി നിയമിച്ച ഉപസമിതി കണ്‍വീനര്‍ പി കെ ബഷീര്‍ എം എല്‍, അംഗങ്ങളായ സി.മമ്മൂട്ടി, പികെ ഫിറോസ്, പി ഇസ്മായില്‍, ടി.പി എം ജിഷാന്‍, സംസ്ഥാന ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് മെമ്പര്‍മാര്‍, ജില്ലാ പ്രസിഡന്റ്/ജനറല്‍ സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.

ദുരന്തബാധിതരുടെ ആവശ്യപ്രകാരം മേപ്പാടി പഞ്ചായത്തില്‍ തന്നെയാണ് സ്വപ്‌നഭവനങ്ങളുയരുന്നത്. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍ മേപ്പാടി പ്രധാന റോഡിനോട് ഓരം ചേര്‍ന്നാണ് നിര്‍ദ്ദിഷ്ട ഭവന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. വിലക്കെടുത്ത 11 ഏക്കര്‍ ഭൂമിയില്‍ 2000 സ്‌ക്വയര്‍ഫീറ്റ് വീട് നിര്‍മ്മിക്കാനുള്ള അടിത്തറയോട് കൂടി 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിര്‍മ്മിക്കുക. മൂന്ന് മുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളുമുള്‍ക്കൊള്ളുന്ന രീതിയിലായിരിക്കും വീടിന്റെ ഘടന. ശുദ്ധജലും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് സ്ഥലമേറ്റെടുത്തത്.

പദ്ധതി പ്രദേശത്ത് നിന്ന് കല്‍പ്പറ്റയിലേക്കും മേപ്പാടിയിലേക്കും ഒരേ പോലെ എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വെള്ളിത്തോട് ഉപസമിതിയുടെ ഓഫീസ് പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്.കേരളത്തിലെ ഏറ്റവും മികച്ച ആര്‍ക്കിടെക്റ്റായ ടോണിയുടെ നേതൃത്വത്തിലുള്ള സപതി ആര്‍ക്കിടെക്‌സാണ് ഭവനപദ്ധതിയുടെ പ്ലാന്‍ തയ്യാറാക്കിയത്. അവസാനഘട്ട രൂപരേഖക്കായി കമ്പനി പ്രതിനിധികളായ ഹരീഷ്, ശ്രീരാഗ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. സ്വപ്‌നപദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മ്മം ചരിത്രസംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് വയനാടൊന്നാകെ. രക്ഷാപ്രവര്‍പ്രവര്‍ത്തനം മുതല്‍ പുനരധിവാസത്തിന്റെ ഓരോ ഘട്ടത്തിലും ദുരിതബാധിതര്‍ക്കൊപ്പം നിന്ന മുസ്ലിം ലീഗ് എല്ലാകാലവും അതുതുടരുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്, ജില്ലാ ഭാരവാഹികളായ എന്‍.കെ റഷീദ്, റസാഖ് കല്‍പ്പറ്റ, എന്‍.നിസാര്‍ അഹമ്മദ്, യഹ്‌യാഖാന്‍ തലക്കല്‍, പി.പി അയ്യൂബ്, കെ. ഹാരിസ്, സി. കുഞ്ഞബ്ദുല്ല, നിയോജകമണ്ഡലം ഭാരവാഹികളായ എം.എ അസൈനാര്‍, സി.പി മൊയ്തു ഹാജി, സലിം മേമന എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *