
സെക്രട്ടറിയേറ്റിന് മുന്നിൽ തുടരുന്ന ആശാ പ്രവർത്തകരുടെ സമരം തുടരും. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെ സമരസമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഓണറേറിയം വർധന പ്രഖ്യാപിക്കണമെന്നും അതുണ്ടാവാതെ സമരം അവസാനിപ്പിക്കില്ലെന്നും സമരസമിതി നേതാവ് വി.കെ സദാനന്ദൻ വ്യക്തമാക്കി.തങ്ങളുടെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള നിവേദനം കൊടുക്കുക എന്നുള്ളതായിരുന്നു ഉദ്ദേശ്യം. കഴിഞ്ഞതവണത്തെ ചർച്ചയുടെ മിനിട്സ് മന്ത്രി വായിച്ചു കേൾപ്പിച്ചു. കമ്മിറ്റിയെ നിയോഗിച്ച് മൂന്നുമാസത്തിനകം ചില കാര്യങ്ങൾ ശരിയാക്കാം എന്നും തത്വത്തിൽ ഓണറേറിയം വർധന അംഗീകരിക്കുന്നുണ്ടെന്നും മിനിട്സിൽ പറയുന്നതായും അതിനാൽ സമരം അവസാനിപ്പിച്ചുകൂടേയെന്ന് മന്ത്രി ചോദിച്ചതായും വി.കെ സദാനന്ദൻ പറഞ്ഞു.