കൊച്ചി: ലൈംഗികാതിക്രമ കേസിൽ തനിക്കെതിരെയുള്ള പരാതിക്ക് പിന്നിൽ വ്യക്തിപരമായ വിരോധമാണെന്ന ആരോപണവുമായി സംവിധായകൻ രഞ്ജിത്ത്. നടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാൽ താൻ അവരെ വിമർശിച്ചിരുന്നതായും സിനിമയിലെ ചില സീനുകൾ വെട്ടിക്കുറച്ചിരുന്നതായും രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിലുള്ള പക മൂലമാണ് നടിയുടെ പരാതിയെന്നാണ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നത്.

ജനുവരിയിൽ നടന്നുവെന്ന് പറയുന്ന സംഭവത്തിൽ പരാതി നൽകാൻ മാർച്ച് വരെ വൈകിയത് ദുരൂഹമാണെന്നും ചില കേന്ദ്രങ്ങളുടെ നിർദ്ദേശപ്രകാരമാണ് തനിക്കെതിരെ പരാതി ഉയർന്നതെന്നും രഞ്ജിത്ത് കോടതിയിൽ വാദിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്നെ ജയിലിൽ അടയ്ക്കാനുള്ള പോലീസിന്റെ ആസൂത്രിത നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, രഞ്ജിത്ത് അന്വേഷണവുമായി ഒട്ടും സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. റിമാൻഡിലായിരിക്കെ ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ പോലും കഴിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിന് മുൻപേ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *