കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോനെ’ പരാമർശത്തിൽ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്ക് പൂർണ്ണമായും സമനില തെറ്റിയിരിക്കുകയാണെന്നും ആ ഡാഷ് പൂരിപ്പിക്കാതിരുന്നത് കേരളത്തിന്റെ ഭാഗ്യമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
“മുഖ്യമന്ത്രി അത്രയേ പറഞ്ഞുള്ളൂ എന്നത് ഭാഗ്യം. ഒന്നുകൂടി സമനില തെറ്റിയിരുന്നെങ്കിൽ ആ ഡാഷ് കൂടി അദ്ദേഹം പൂരിപ്പിച്ചേനെ. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ കേരളം ലോകത്തിന് മുന്നിൽ അപമാനത്തോടെ തലകുനിക്കേണ്ടി വന്നേനെ.” കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയായി “ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്” എന്ന് പിണറായി വിജയൻ പ്രതികരിച്ചത്. നേരത്തെ തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് യോഗത്തിൽ വെച്ച് രേവന്ത് റെഡ്ഡി പിണറായി വിജയനെ “നീ പോ മോനെ വിജയാ” എന്ന് വിളിച്ചിരുന്നു. ഇതിന് പിന്നാലെ അയച്ച കത്തിലും ഇതേ പരാമർശം ആവർത്തിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
