അരനൂറ്റാണ്ട് പഴക്കമുള്ള ഒരുരൂപ നാണയത്തിന്റെ പേരിൽ ലക്ഷങ്ങൾ നഷ്ടപെട്ട യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു.

26 ലക്ഷത്തോളം രൂപ നഷ്ടമായ ചിക്കബെല്ലാപുര സ്വദേശിയും ഗിഫ്റ്റ് ഷോപ്പ് ഉടമയുമായ അരവിന്ദ് (39) ആണ് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയത്.സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും കടം വാങ്ങിയും ഭാര്യയുടെ ആഭരണങ്ങള്‍ പണയം വെച്ചുമാണ് ഇയാള്‍ പണം സംഘടിപ്പിച്ചത്. താൻ വഞ്ചിക്കപ്പെട്ടെന്നും മരണമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും സുഹൃത്തുക്കള്‍ക്ക് വാട്ട്സ്ആപ്പ് സന്ദേശമയച്ചതിന് ശേഷമാണ് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയത്.

അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന 1957-ലെ ഒരു രൂപ നാണയം വില്‍ക്കാനുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യംനല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. നാണയത്തിന്റെ ചിത്രം കാണണമെന്നാവശ്യപ്പെട്ട് ഒരാള്‍ അരവിന്ദിനെ ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് നാണയത്തിന് 46 ലക്ഷം രൂപ മൂല്യമുണ്ടെന്നും ഈ തുക നല്‍കി നാണയം വാങ്ങാന്‍ തയ്യാറാണെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു.

വില്‍പ്പനയുമായി ബന്ധപ്പെട്ട് നികുതിയിനത്തിലും മറ്റ് സേവനങ്ങള്‍ക്കും തുക മുന്‍കൂട്ടി അടയ്ക്കണമെന്നും ഈ തുക അരവിന്ദ് വഹിക്കണമെന്നും ഫോണില്‍ വിളിച്ചയാള്‍ അറിയിച്ചു. ഇതനുസരിച്ചാണ് പലഘട്ടങ്ങളിലായി അരവിന്ദ് ഇയാള്‍ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് 26 ലക്ഷം രൂപ അടച്ചത്. എന്നാല്‍ പണമടച്ചതിന് ശേഷം ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടതായി അരവിന്ദിന് ബോധ്യമായത്.

വ്യാഴാഴ്ച സ്‌കൂട്ടറില്‍ ചിക്കബെല്ലാപുരയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയ അരവിന്ദ് കൈവശം കരുതിയിരുന്ന പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. അതിന് മുൻപ് സുഹൃത്തുക്കൾക്ക് സന്ദേശമയക്കുകയും ചെയ്തു.

സുഹൃത്ത് സന്ദേശം പോലീസിന് കൈമാറിയതിനെത്തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ആളൊഴിഞ്ഞ സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *