ശമ്പള വർധനവ് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് ഡൽഹി സർക്കാർ പിരിച്ചു വിട്ട 991 അങ്കണവാടി ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരവുമായി അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് യൂണിയന്‍. മെയ് ഒമ്പത് മുതല്‍ ഡല്‍ഹി വനിതാശിശു വകുപ്പിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധം സഘടിപ്പിക്കുമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി കമല അറിയിച്ചു.
കെജ്രിവാൾ സർക്കാർ എടുത്തത് ജനവിരുദ്ധ നടപടിയാണെന്ന് കമല ആരോപിച്ചു. കൂടാതെ 2022ല്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മാസങ്ങളില്‍ മുടങ്ങിക്കിടക്കുന്ന ശമ്പളം ഉടനെ ലഭിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.
ഫെബ്രുവരിയില്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ സമരം ചെയ്ത ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. ഇവരെ തിരിച്ചെടുക്കുമെന്ന് പറഞ്ഞ കരാറില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയെന്നും യൂണിയന്‍ ആരോപിച്ചു. വിഷയത്തില്‍ ഇടപെടുമെന്ന് സിഐടിയു ഡല്‍ഹി ജനറല്‍ സെക്രട്ടറി അനുരാഗ് സക്‌സേന യൂണിയനെ അറിയിച്ചു. ‘അങ്കണവാടി ജീവനക്കാരെ പിരിച്ചുവിട്ട തെഴിലാളി വിരുദ്ധ നടപടി അംഗീകരിക്കില്ല’സക്‌സേന പറഞ്ഞു.
കാരണം കാണിക്കൽ നോട്ടീസ് ഇല്ലാതെ വെറുമൊരു വാട്ടസ്ആപ്പ് സന്ദേശത്തിലൂടെയാണ് തങ്ങളെ പിരിച്ചു വിട്ടതെന്ന് സമരക്കാർ പറയുന്നു. ഡല്‍ഹിയില്‍ 11,000 അങ്കണവാടികളിലായി 22,000 പേര്‍ ജോലി ചെയ്യുന്നുണ്ട്. മാസം പതിനായിരം രൂപ വര്‍ക്കേഴ്‌സിനും അയ്യായിരം രൂപ ഹെല്‍പ്പര്‍മാര്‍ക്കും നല്‍കുന്നത്.