മിത്ര 181 ഹെൽപ് ലൈനിലെത്തിയത് രണ്ടുലക്ഷത്തിലധികം ഫോൺ കോളുകൾ
മിത്ര 181 വനിതാ ഹെൽപ് ലൈനിൽ ഇതുവരെ സ്വീകരിച്ച കോളുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അവയിൽ 90,000 കോളുകളിൽ സേവനം നൽകാൻ സാധിച്ചു. സ്ത്രീ സുരക്ഷയും ക്ഷേമവും ലക്ഷ്യമാക്കി 2017 മാർച്ചിൽ ആരംഭിച്ച പദ്ധതിയാണ് മിത്ര 181 വനിതാ ഹെൽപ് ലൈൻ. വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനാണ് സ്ത്രീകൾക്കു വേണ്ടി 24 മണിക്കൂറും സേവനം ലഭ്യമാകുന്ന ഈ എമർജൻസി ഹെൽപ് ലൈൻ സംവിധാനം നടത്തിവരുന്നത്.
സംസ്ഥാനത്തെ പ്രധാന ഹോസ്പിറ്റൽ, പൊലീസ് സ്റ്റേഷൻ, ആംബുലൻസ് സർവീസ് എന്നിവയുടെ സേവനങ്ങളും 181 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുമ്പോൾ ദ്രുതഗതിയിൽ ലഭ്യമാവും. നിയമം, സോഷ്യൽ വർക്ക് എന്നിവയിൽ പ്രൊഫഷണൽ യോഗ്യതയുള്ള വനിതകളാണ് കൺട്രോൾ റൂമിലെ എല്ലാ ജീവനക്കാരും. വിളിക്കുന്നവരിൽ ആവശ്യമുള്ളവർക്ക് കൗൺസലിങ്, കൂടാതെ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പോലീസ്, ആംബുലൻസ്, ആശുപത്രി, നിയമ സഹായം ഉൾപ്പെടെയുള്ള സേവനങ്ങളും നൽകുന്നുണ്ട്.
സ്വീകരിക്കപ്പെടുന്ന ഓരോ കോളിലും പ്രശ്‌നങ്ങൾ കേൾക്കുകയും കൃത്യമായ പരിഹാരം ലഭിക്കുന്നത് വരെ ഫോളോഅപ്പ് ചെയ്യുകയും നീതി ലഭിച്ചു എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നതാണ് മിത്രയുടെ പ്രവർത്തന രീതി. പൂർണമായും ഫലപ്രാപ്തിയിലെത്തിച്ച 60,000 കേസുകളിൽ 20,000 ത്തോളം കേസുകൾ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. മിത്ര 181ൽ വിളിക്കുന്ന വനിതകൾക്കും കുട്ടികൾക്കും പരമാവധി സഹായമെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ സൗകര്യം ഉപയോഗിക്കാൻ കൂടുതൽ സ്ത്രീകൾ സന്നദ്ധരായി മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

വനിതാ ഡോക്ടർക്ക് നേരെ ആക്രമണം: യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം ഫോർട്ട് ഗവ. ആശുപത്രിയിൽ ക്യാഷ്വൽറ്റിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദിച്ച സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് സമഗ്ര റിപ്പോർട്ട് അടിയന്തരമായി നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. പ്രതിയുടെ ശരീരത്തിലെ മുറിവിന്റെ കാരണം അന്വേഷിച്ചതാണു പ്രകോപന കാരണമെന്നും കൈ പിടിച്ചു തിരിച്ചതായും വസ്ത്രം വലിച്ചു കീറാൻ ശ്രമിച്ചതായും ഡോക്ടർ പറഞ്ഞു. വരിനിൽക്കാതെ തർക്കം ഉണ്ടാക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം കെടുത്തുന്ന നടപടികൾ പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്നും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ആക്രമിക്കപ്പെടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം പറഞ്ഞു.

കൈത്തറി തൊഴിലാളികൾക്കുള്ള സാമ്പത്തിക താങ്ങൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങളിൽ നിന്ന് 2021-22 വർഷത്തെ സാമ്പത്തിക താങ്ങൽ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിനായി അപേക്ഷ ക്ഷണിച്ചു. 2021-22 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും, മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങൾക്കാണ് ആനുകൂല്യത്തിന് അർഹത. ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വയം തൊഴിലാളികൾക്കും, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്ന തൊഴിലാളികൾക്കുമാണ് ആനുകൂല്യം നൽകുന്നത്. സൗജന്യ അപേക്ഷാ ഫോറവും, വിശദാംശങ്ങളും കേരളാ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണ്ണൂരിലുള്ള ഹെഡ് ഓഫീസിൽ നിന്നും, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ല ഓഫീസുകളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് 31 നകം അതത് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കണം. ഫോൺ:- കണ്ണൂർ ഹെഡ് ഓഫീസ്: 0497-2702995, 9387743190; കോഴിക്കോട്: 0496-298479, 9747567564; എറണാകുളം: 0484-2374935, 9446451942; തിരുവനന്തപുരം: 0471-2331958, 9995091541

932.69 കോടിയുടെ പദ്ധതികൾക്ക് കിഫ്ബി അനുമതി

932.69 കോടി രൂപയുടെ പത്ത് പദ്ധതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന കിഫ്ബി യോഗം ധനാനുമതി നൽകിയതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ 64,344.64 കോടിയുടെ 912 പദ്ധതികൾക്ക് ആകെ അനുമതിയായിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ 144.23 കോടി രൂപയുടെ ഏഴു പദ്ധതികൾക്കും അനുമതിയായിരുന്നു.
ജലവകുപ്പിന് കീഴിൽ ചെല്ലാനത്ത് തകർന്ന കടൽഭിത്തി നവീകരണത്തിനും തീരദേശ സംരക്ഷണത്തിനു വേണ്ടിയുള്ള പുലിമുട്ടിനുമുള്ള പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്. കോവിഡ് രോഗ വ്യാപന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന് കീഴിൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ ആശുപത്രികളിൽ പത്ത് കിടക്കകളോടുകൂടിയ ഐസൊലേഷൻ വാർഡുകൾക്കും യോഗത്തിൽ അനുമതിയായിട്ടുണ്ട്. ദേശീയപാത വിപുലീകരണത്തിന് പുതിയ മൂന്ന് സ്‌ട്രെച്ചുകൾക്കായി ഭൂമി ഏറ്റെടുക്കാൻ 1395.01 കോടി രൂപയുടെ അംഗീകാരവും നൽകിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസത്തിനായി 10.77 കോടിയുടെയും ആരോഗ്യ രംഗത്ത് 236.43 കോടി രൂപയുടെയും പൊതുമരാമത്ത് വകുപ്പിൽ 103.43 കോടിയുടെയും ജലവിഭവ വകുപ്പിൽ 374.23 കോടിയുടെയും കോസ്റ്റൽ ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് നാവിഗേഷനായി 247.20 കോടിയുടെയും തദ്ദേശസ്വയംഭരണ വകുപ്പിൽ 47.92 കോടിയുടെയും ഫിഷറീസിൽ 57.06 കോടിയുടെയും പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. കോവളം മുതൽ കാസർകോടു വരെയുള്ള ജലപാതയായ വെസ്റ്റ് കോസ്റ്റ് കനാൽ ഗതാഗത യോഗ്യമാക്കി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോവളം ആക്കുളം, വേളി കഠിനംകുളം, വർക്കല എന്നിവിടങ്ങളിലെ 1275 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയും അംഗീകരിച്ചു. കോട്ടയം നാലുകോടി, തൃശൂർ നെല്ലായി, തിരുവനന്തപുരം വെൺകുളം എന്നിവിടങ്ങളിൽ റെയിൽവേ മേൽപാലങ്ങൾ നിർമിക്കാനും അനുമതി നൽകി.
ആകെ അംഗീകാരം നൽകിയ പദ്ധതികളിൽ 23,845.14 കോടി രൂപയുടെ പദ്ധതികളുടെ ടെൻഡർ നടപടി പൂർത്തിയാക്കുകയും 21176.35 കോടിയുടെ പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

തടി കയറ്റിറക്ക് കൂലി നിർണ്ണയം: നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു

വിവിധ കൃഷി സ്ഥലങ്ങളിൽ നിന്നും തോട്ടങ്ങളിൽ നിന്നും മുറിക്കുന്ന മരങ്ങളുടെ ഉരുളൻ തടികൾ വാഹനത്തിൽ കയറ്റിറക്ക് നടത്തുന്നതിന് ജില്ലയിൽ ഏകീകൃത കൂലി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ ലേബർ ഓഫീസർ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു. ഈ മേഖലയിലുള്ള തൊഴിലുടമകൾ, തൊഴിലാളികൾ, തൊഴിലാളി യൂണിയനുകൾ എന്നിവർക്ക് പ്രതികരണം അറിയിക്കാം. വിവരം നൽകാൻ താൽപര്യമുള്ളവർ രേഖാമൂലം തപാലിലോ ഇ – മെയിലിലോ അയക്കണം. വിലാസം: ജില്ലാ ലേബർ ഓഫീസർ, ജില്ലാ ലേബർ ഓഫീസറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, കോഴിക്കോട് – 673020. ഇ- മെയിൽ: districtlabourofficekozhikkode@gmail.com.
ഫോൺ: 0495 2370538.

Leave a Reply

Your email address will not be published. Required fields are marked *