ന്യൂഡല്‍ഹി: അരുന്ധതി റോയിയുടെ ആസാദി ഉള്‍പ്പടെ 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാര്‍. തെറ്റായ വിവരങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. അരുന്ധതി റോയിയുടെ പുസ്തകത്തിന് പുറമേ ഭരണഘടനാ വിദഗ്ധന്‍ എ.ജി നൂര്‍ണിയുടെ ദി കശ്മീര്‍ ഡിസ്പ്യൂട്ട് 1947-2012 എന്ന പുസ്തകവും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. ലഫ്റ്റന്റ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.
സുമാന്ത്ര ബോസിന്റെ കശ്മീര്‍ അറ്റ് ദ ക്രോസ്‌റോഡ്‌സ് ആന്‍ഡ് കണ്ടസ്റ്റഡ് ലാന്‍ഡ് എന്ന പുസ്തകവും നിരോധിച്ചിട്ടുണ്ട്. ജമ്മുകശ്മീര്‍ ആഭ്യന്തരമന്ത്രാലയമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധന ഉത്തരവില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചന്ദ്രകേര്‍ ഭാരതി ഒപ്പുവെച്ചു. കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിന് പൂര്‍ണ്ണ സംസ്ഥാനപദവി നല്‍കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി.
