കൊച്ചി: മുനമ്പത്ത് വ്യാഴാഴ്ച രാത്രി കടലില്‍ വള്ളം മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം ചാപ്പ, കടപ്പുറം സ്വദേശിയായ കൊല്ലംപറമ്പില്‍ ശരത്ത് എന്ന അപ്പുവിന്റെ മൃതദേഹമാണ് അഴീക്കോട് ഭാഗത്തുനിന്ന് കണ്ടെത്തിയത്. മറ്റുമൂന്നുപേര്‍ക്കായിലുള്ള തിരച്ചില്‍ തുടരുകയാണ്.

മാലിപ്പുറം ചാപ്പ, കടപ്പുറം സ്വദേശികളായ പടിഞ്ഞാറെപ്പുരയ്ക്കല്‍ ഷാജി (54), കൊല്ലംപറമ്പില്‍ അപ്പു (22), മോഹനന്‍ (53), ആലപ്പുഴ ആര്‍ത്തുങ്കല്‍ തച്ചേടത്ത് യേശുദാസ് (രാജു 54) എന്നിവര്‍ക്കായാണ് തിരച്ചില്‍ തുടരുന്നത്. മുങ്ങിയ വള്ളവും കണ്ടെത്താനായിട്ടില്ല. മറൈന്‍ ആംബുലന്‍സ്, കോസ്റ്റല്‍ പോലീസിസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ തുടരുന്നത്.

വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് മാലിപ്പുറം ചാപ്പക്കടപ്പുറത്തെ ‘നന്മ’ എന്ന ഫൈബര്‍ വള്ളം മുങ്ങിയത്. മുനമ്പം അഴിമുഖത്തിനടുത്തായാണ് അപകടം നടന്നത്. കടലിലുള്ള ‘സമൃദ്ധി’ എന്ന ബോട്ടില്‍നിന്ന് മത്സ്യം എടുത്ത് ഹാര്‍ബറിലേക്ക് വരുകയായിരുന്നു ‘നന്മ’ വള്ളം.

ഏഴുപേര്‍ സഞ്ചരിച്ചിരുന്ന വള്ളത്തിലെ ഡീസല്‍ കാനില്‍ പിടിച്ചുകിടന്ന മൂന്നുപേരെ രാത്രി ഒന്‍പതോടെ സെയ്ന്റ് ജൂഡ് ബോട്ടിലെത്തിയവര്‍ രക്ഷപ്പെടുത്തി. ഇളങ്കുന്നപ്പുഴ മാലിപ്പുറം സ്വദേശികളായ മണിയന്‍ (54), ബൈജു (42), ആലപ്പുഴ സ്വദേശി ആനന്ദ് (52) എന്നിവരാണ് രക്ഷപ്പെട്ടത്.

കടലില്‍ തമ്പടിച്ചിരുന്ന ‘സമൃദ്ധി’ ബോട്ടില്‍നിന്ന് ചാളയും കയറ്റി കരയിലേക്ക് വരുകയായിരുന്ന ‘നന്മ’ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

നിറയെ മീന്‍ കയറ്റിയ വള്ളത്തിന്റെ പിന്‍ഭാഗത്തുകൂടി വെള്ളം കയറി വള്ളം മുങ്ങുകയായിരുന്നു. ശക്തിയായ തിരമാലയും ഇരുട്ടും മൂലം അപകടം പുറത്തറിയാന്‍ ഏറെ വൈകി.

Leave a Reply

Your email address will not be published. Required fields are marked *