പെൻസിൽവാനിയ :128 വർഷം മുമ്പ് മരിച്ച ‘സ്റ്റോൺമാൻ വില്ലി’ എന്നറിയപ്പെടുന്ന മമ്മിയെ ഇന്ന് സംസ്കരിക്കും.പെൻസിൽവാനിയയിലെ ഫ്യൂണറൽ ഹോമിൽ പ്രദർശനത്തിന് വെച്ചിരിക്കുകയായിരുന്നു ഇത്രയും കാലം സ്റ്റോൺമാൻ വില്ലിയെ. മദ്യപാനിയും 1895 -ൽ റീഡിം​ഗ് ജയിലിൽ വച്ച് കിഡ്നി തകരാറു മൂലം മരിച്ച തടവുകാരനാണ് സ്റ്റോൺമാൻ വില്ലി. പോക്കറ്റടിക്കാരനായ ഇയാളുടെ യഥാർത്ഥ പേരോ മറ്റ് വിവരങ്ങളോ ഒന്നും ആർക്കും അറിയില്ലായിരുന്നു. ജെയിംസ് പെൻ എന്ന കള്ളപ്പേരാണ് ജയിലിൽ നൽകിയിരുന്നത്.മരണ ശേഷം ഇയാളുടെ കുടുംബത്തെ കണ്ടെത്താൻ അധികൃതർ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നീട് ‘റീഡിം​ഗ് ഫ്യൂണറൽ ഹോം’ എന്ന സ്ഥാപനം ഇയാളുടെ മൃതദേഹം സൂക്ഷിക്കാനുള്ള അനുമതിക്ക് വേണ്ടി അപേക്ഷിക്കുകയും സ്ഥാപനം ഉടമ തിയോഡർ ഓമൻ പരീക്ഷണാർത്ഥം അത് എംബാം ചെയ്ത് സൂക്ഷിക്കുകയുമായിരുന്നു. പരീക്ഷണം വിജയിച്ചതോടെ മൃതദേഹം ‘സ്റ്റോൺമാൻ വില്ലി’ എന്ന മമ്മിയായി. നിരവധിപേരാണ് ഈ മമ്മി കാണാൻ വേണ്ടി മാത്രം ഈ ഫ്യൂണറൽ ഹോം സന്ദർശിച്ചത്.128 വർഷത്തെ പ്രദർശനത്തിന് ശേഷം ഇന്ന് മൃതദേഹം സംസ്‌കരിക്കുന്നതിനായി അടുത്തുള്ള ഫോറസ്റ്റ് ഹിൽസ് മെമ്മോറിയൽ പാർക്കിലേക്ക് കൊണ്ടുപോകും. അതിന് മുമ്പ് അന്തിമ ചടങ്ങുകൾ നടത്തും. അയാളുടെ പേരും മറ്റ് വിവരങ്ങളും കണ്ടെത്താൻ കഴിഞ്ഞെന്നും സംസ്കാരത്തിന് ശേഷം അത് വെളിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *