ലക്‌നോ: ഉത്തര്‍പ്രദേശില്‍ അയല്‍വാസിയെ വെടിവെച്ചുകൊന്ന ടെലിവിഷന്‍ നടന്‍ അറസ്റ്റില്‍. ജനപ്രിയ ടിവി ഷോകളിലൂടെ പ്രശസ്തനായ ഭൂപീന്ദര്‍ സിംഗിനെ ബിജ്നോര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. നടനെ കൂടാതെ ഇയാളുടെ കൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്.
നടന്റെ ബിജ്നോറിലെ ഫാമില്‍ വേലി കെട്ടുന്നതിനായി അടുത്തുള്ള കൃഷിഭൂമിയെ യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. ഗുര്‍ദീപ് സിംഗ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയിലെ മരങ്ങളാണ് വെട്ടാന്‍ ശ്രമിച്ചത്.ഗുര്‍ദീപ് ഇത് തടഞ്ഞതോടെ തര്‍ക്കമായി.
വഴക്ക് രൂക്ഷമായതോടെ ഭൂപീന്ദറും അദ്ദേഹത്തിന്റെ മൂന്ന് കൂട്ടാളികളും ഗുര്‍ദീപ് സിംഗിന്റെ കുടുംബാംഗങ്ങളെ ആക്രമിച്ചു. ഇതിനിടെ ഭൂപീന്ദര്‍ റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഗുര്‍ദീപ് സിംഗിന്റെ 22 കാരനായ മകന്‍ ഗോവിന്ദ് കൊല്ലപ്പെട്ടു. ഗുര്‍ദീപിനും, ഭാര്യക്കും, മറ്റൊരു മകനും ആക്രമണത്തില്‍ പരിക്കേറ്റു. മൂവരും ഇപ്പോള്‍ ചികിത്സയിലാണ്.
