തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങൾ സന്ദർശിക്കാൻ എത്തിയ ഗുജറാത്ത് സ്വദേശികളായ കുടുംബം ഓൺലൈൻ ഹോട്ടൽ ബുക്കിംഗിലൂടെ നടന്ന തട്ടിപ്പിൽ പെട്ടു. കന്യാകുമാരിയിലെ ഒരു ഹോട്ടലിന്റെ പേരും മേൽവിലാസവും ദുരുപയോഗം ചെയ്ത് തയ്യാറാക്കിയ വ്യാജ അക്കൗണ്ടുകളും ക്യു.ആർ കോഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.
ഗുജറാത്ത് ഫാർമസ്യൂട്ടിക്കൽ വിഭാഗത്തിൽ ഉദ്യോഗസ്‌ഥനായ സഞ്ജയ് ലാഡ്, അദ്ദേഹത്തിന്റെ ഭാര്യ എന്നിവർ കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനായി കേരളവും കന്യാകുമാരിയും സന്ദർശിക്കാനായിരുന്നു പദ്ധതിയിട്ടത്. യാത്രയ്‌ക്ക് മുൻപ് സോഷ്യൽ മീഡിയ വഴി കണ്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ കന്യാകുമാരിയിലെ ഒരു ഹോട്ടൽ ഓൺലൈനായി ബുക്ക് ചെയ്ത് 4,750 രൂപ മുൻകൂർ അടച്ചു. 07014095284 എന്ന നമ്പറിൽ ബന്ധപ്പെട്ടാണ് ബുക്കിംഗ് നടത്തിയത്.
എന്നാൽ കന്യാകുമാരിയിൽ എത്തി ഹോട്ടലിൽ അന്വേഷിച്ചപ്പോൾ, ബുക്കിംഗ് നടത്തിയ വ്യക്തിയെയോ ഇടപാടിനെയോ കുറിച്ച് ഹോട്ടൽ അധികൃതർക്ക് യാതൊരു അറിവുമില്ലെന്നു വ്യക്തമായി. ഹോട്ടലിന്റെ പേര്, വിലാസം എന്നിവ ഉപയോഗിച്ച് വ്യാജ ഐഡികൾ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പിന്നീട് വ്യക്തമായി.
തുടർന്ന് കുടുംബം കന്യാകുമാരി പോലീസിൽ പരാതി നൽകിയെങ്കിലും, തട്ടിപ്പ് നടത്തിയ ഫോൺ നമ്പറുമായി ബന്ധപ്പെടാൻ കഴിയാതെയായി. ഇതോടെ കുടുംബത്തിന് നഷ്ടമായ 4,750 രൂപ വീണ്ടെടുക്കാൻ സാധിക്കാതെ ഗുജറാത്ത് സ്വദേശികൾ നിസ്സഹായരായി മടങ്ങേണ്ട സാഹചര്യം ഉണ്ടായി.
ഇത്തരത്തിൽ വ്യാജ പേരുകളും വ്യാജ ബുക്കിംഗ് സംവിധാനങ്ങളും ഉപയോഗിച്ച് നിരവധി തട്ടിപ്പുകൾ നടന്നുവരുന്നതായി പോലീസ് അറിയിച്ചു. ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് നടത്തുമ്പോൾ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയോ വിശ്വാസ്യതയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെയോ മാത്രമേ ഇടപാടുകൾ നടത്താവൂ എന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
തട്ടിപ്പിന് ഇരയായ സംഭവം കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് ജനശബ്ദവുമായി സഞ്ജയ് ലാഡ് പങ്കുവെച്ചത്.
