ആലപ്പുഴയിൽ മാട്രിമോണിയൽ ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ കെണിയിൽപ്പെട്ട് കേന്ദ്ര സർക്കാർ ജീവനക്കാരന് 22.67 ലക്ഷം രൂപ നഷ്ടമായി. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. വിവാഹാലോചനയുമായി അടുപ്പം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്ത ശേഷം ബിറ്റ്കോയിനിലും ഷെയർ മാർക്കറ്റിലും നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പലതവണകളായി ബാങ്ക് അക്കൗണ്ട് വഴിയും യു.പി.ഐ വഴിയും യുവാവ് പണം കൈമാറി. യുവതി മാട്രിമോണിയൽ സൈറ്റിൽ ഉപയോഗിച്ചിരുന്നത് വ്യാജ പ്രൊഫൈലാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
പണം കൈമാറിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും ഫോൺ നമ്പറുകൾ പരിശോധിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കി. സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്തിരുന്ന സമയത്താണ് യുവാവ് ഈ സാമ്പത്തിക ഇടപാടുകളെല്ലാം നടത്തിയത്. മാട്രിമോണിയൽ സൈറ്റുകൾ വഴി സമാനമായ തട്ടിപ്പുകൾ ജില്ലയിൽ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
