പത്തനംതിട്ട: തിരുവല്ല കൂട്ട ബലാത്സംഗ കേസ് നിർണായക നീക്കവുമായി അന്വേഷണസംഘം. സംഭവ സമയത്ത് സ്പായിലുണ്ടായിരുന്ന ജീവനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതികളുമായി ബന്ധമുള്ളവരെ പൊലീസ് നിരീക്ഷിക്കുന്നു.

പീഡനത്തിന് സ്പായിലെ സഹപ്രവർത്തകയും ഒത്താശ ചെയ്തു എന്ന് അതിജീവിത വെളിപ്പെടുത്തിയിരുന്നു. സഹായം അഭ്യർഥിച്ച് കരഞ്ഞിട്ടും ആരും വന്നില്ലെന്നും കഴിഞ്ഞ ദിവസം അതിജീവിത പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സ്പായിലെ ജീവനക്കാരിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.

സ്പായിൽ നടന്നത് ഗുണ്ടാ പിരിവ് അല്ലെന്നും മറ്റൊരു സ്പായുടെ ക്വട്ടേഷനെന്നും സ്പാ ഉടമ പറഞ്ഞിരുന്നു. അക്രമികൾ എത്തിയശേഷം ക്വട്ടേഷൻ ആണെന്ന് പറഞ്ഞു. സ്പായിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ പണം പിരിച്ചിട്ടില്ലെന്നും സ്പാ ഉടമ വ്യക്തമാക്കി. സ്പാകളിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തുന്നതായുള്ള ആരോപണത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സ്പാ ഉടമയുടെ വെളിപ്പെടുത്തൽ.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കായിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ചാണ് മരണ സുബിൻ ഉൾപ്പെടെ ആറ് പേർ സ്പായിൽ എത്തിയത്. 50,000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിൻ ജീവനക്കാരിയെ കഴുത്തിൽ കത്തി വെച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.പുറത്തുപറഞ്ഞാൽ കൊന്നുകളയും എന്നും പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *