മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടി സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനോട് അതൃപ്തി പ്രകടിപ്പിച്ചു എന്ന വാർത്തകളോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. സി.പി.ഐ.എം ജില്ലാ സെക്രട്ടറിമാർ ഒരിടത്തും അനാവശ്യമായി ഇടിച്ചുകയറുന്നവരല്ലെന്നും, ദുരന്തമുഖത്തെ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ സജീവമായി പങ്കെടുത്ത വ്യക്തി എന്ന നിലയിലാണ് കെ റഫീഖ് അവിടെ എത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

മമ്മൂട്ടി കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്ന ആളാണെന്നും അദ്ദേഹത്തിന്റെ സന്ദർശനം തികച്ചും സദുദ്ദേശ്യപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാമൂഹ്യഇടപെടലുകളെ കക്ഷി രാഷ്ട്രീയഭേദമന്യേ അംഗീകരിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദർശനം രാഷ്ട്രീയവൽക്കരിക്കപ്പെടുമോ എന്ന ആശങ്കയിലാകാം താരം അത്തരമൊരു പരാമർശം നടത്തിയത് എന്ന സൂചനകൾക്കിടയിലാണ് മന്ത്രിയുടെ ഈ വിശദീകരണം.

അതേസമയം, സന്ദർശന വേളയിൽ ടി. സിദ്ധിഖ് എം.എൽ.എയെ ചിലർ കൂക്കിവിളിച്ച സംഭവത്തിലും മന്ത്രി മുഹമ്മദ് റിയാസ് തന്റെ നിലപാട് വ്യക്തമാക്കി. പ്രാദേശികമായ ചില പ്രശ്നങ്ങളുടെ ഭാഗമാകാം അവിടെ പ്രതിഷേധം ഉണ്ടായതെങ്കിലും, ഒരു ജനപ്രതിനിധിയെ കൂക്കിവിളിക്കുന്ന നടപടി ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ടൗൺഷിപ്പ് കാണാനെത്തിയ മമ്മൂട്ടി, ജില്ലാ സെക്രട്ടറി എപ്പോഴും ഒപ്പമുണ്ടെങ്കിൽ അത് തെറ്റിദ്ധരിക്കപ്പെടില്ലേ എന്ന് ചോദിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്. ഇതിനുപിന്നാലെ മമ്മൂട്ടി ഫോണിൽ വിളിച്ച് റഫീഖുമായി സംസാരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *