അന്താരാഷ്ട്ര വനിതാ ദിനത്തിൽ ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുല്യതയ്ക്കും അന്തസ്സിനും നീതിക്കും വേണ്ടിയുള്ള സ്ത്രീകളുടെ ചരിത്രപരമായ പോരാട്ടങ്ങളെ ഈ ദിനത്തിൽ ആദരിക്കണമെന്ന് അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു.
സ്ത്രീകളുടെ പുരോഗതിയാണ് സമൂഹത്തിന്റെ പുരോഗതിയെന്നും നമ്മുടെ കൂട്ടായ മുന്നേറ്റത്തിന് അത് വഴികാട്ടിയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതകൾക്കായി രാജ്യത്തെ ആദ്യത്തെ പ്രത്യേക വകുപ്പ് രൂപീകരിച്ചതും ജെൻഡർ ബജറ്റിംഗ് നടപ്പിലാക്കിയതും ഉൾപ്പെടെ, സ്ത്രീ ശാക്തീകരണത്തിനും സാമൂഹിക നീതിക്കും മുൻഗണന നൽകുന്ന ജനകീയ നയങ്ങളുമായി കേരളം മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് ഭയമില്ലാതെ ജീവിക്കാനും ആത്മവിശ്വാസത്തോടെ സ്വപ്നങ്ങൾ പിന്തുടരാനും എല്ലാ മേഖലകളിലും പൂർണ്ണമായി ഇടപെടാനും കഴിയുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമിച്ച് പ്രതിജ്ഞയെടുക്കാമെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ വ്യക്തമാക്കി.
