മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെ സാമൂഹിക മാധ്യമങ്ങൾ കീഴടക്കിയ തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം. ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവർക്കുമെതിരെ വലതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് ആക്രമണം നടക്കുന്നത്.ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനൊപ്പമുള്ള റസാഖും ചൂണ്ടിക്കാട്ടിയാണ് ചിലര്‍ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയത്.

ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവുമെന്നും സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നും പറഞ്ഞ് കൃഷ്ണരാജ് എന്നയാളാണ് സോഷ്യല്‍മീഡിയയില്‍ ആദ്യം പോസ്റ്റിടുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും അമ്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ഇയാള്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഈ പോസ്റ്റ് ഏറ്റുപിടിച്ചാണ് മറ്റ് വിദ്വേഷ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. പെണ്‍കുട്ടി സിറിയയില്‍ എത്താതിരുന്നാല്‍ മതിയായിരുന്നാണ് മറ്റുചില ഐഡികളില്‍ നിന്നും വരുന്ന കമന്റ്.

കൃഷ്ണരാജ് എന്ന അഭിഭാഷകൻ ഇവരെ കുറിച്ച് കുറിക്കുന്നതിങ്ങനെ;

ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

'മകള്‍ സിറിയയില്‍ എത്താതിരുന്നാല്‍ മതി'; വൈറല്‍ ഡാന്‍സര്‍മാരുടെ മതം തിരഞ്ഞ് സോഷ്യല്‍മീഡിയയില്‍ ആക്രമണം

കോളേജുകള്‍ കേന്ദ്രീകരിച്ചാണ് മതംമാറ്റം കൂടുതലും നടക്കുന്നതെന്നും ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണെന്നുമാണ് ഇക്കൂട്ടര്‍ പറഞ്ഞുവെക്കുന്നത്. വീണ്ടും വീണ്ടും ഇര ആകാന്‍ മാത്രം കുറേ ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഉണ്ടാകുമെന്നും ഇസ്‌ലാം മതത്തിലെ ഒരു പെണ്‍കുട്ടിയെ ഇങ്ങനെയുള്ള പരിപാടികള്‍ക്ക് കാണാത്തത് എന്തുകൊണ്ടാണെന്നുമാണ് ഇക്കൂട്ടരുടെ ചോദ്യം.

സൈബർ ആക്രമണത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ‘നവീനും ജാനകിയും ഇനിയും ചുവടുകൾ വെക്കുമെങ്കിൽ കേരള ജനത അതും ഏറ്റു വാങ്ങും. അതും ആസ്വദിക്കും. നിങ്ങളുടെ ജന്മം അറപ്പും വെറുപ്പും വിതയ്ക്കുന്ന വിഷങ്ങളായും തുടരും’ എന്ന് പ്രമുഖ ബ്ലോഗർ ബഷീർ വള്ളിക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ജാനകിയുടേയും നവീനിന്റേയും ഡാന്‍സ് വീഡിയോ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരായിരുന്നു കണ്ടത്.

പ്രശസ്തമായ റാസ്പുട്ടിന്‍ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *