മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി കോൺഗ്രസ് സമാഹരിച്ച ഫണ്ടിൽ വൻ ക്രമക്കേട് നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി എം വി നികേഷ് കുമാർ. ഫണ്ട് കൈകാര്യം ചെയ്തത് ധനലക്ഷ്മി ബാങ്ക് വഴി മാത്രമല്ലെന്നും, ഫെഡറൽ ബാങ്കിന്റെ വെള്ളയമ്പലം ബ്രാഞ്ചിലുള്ള മറ്റൊരു അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നതായും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
ഫെഡറൽ ബാങ്കിലെ 13740200004964 എന്ന അക്കൗണ്ട് നമ്പർ വെളിപ്പെടുത്തിയ നികേഷ് കുമാർ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേർന്നാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കി. ഈ അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ എന്തുകൊണ്ടാണ് ഇതുവരെ പുറത്തുവിടാത്തതെന്ന് അദ്ദേഹം ചോദിച്ചു. ഫെഡറൽ ബാങ്കിലെ ഈ അക്കൗണ്ടിൽ നിലവിൽ എത്ര രൂപയുണ്ട്. പുനരധിവാസത്തിനായി സ്ഥലം വാങ്ങുന്നതിന് മുൻപേ, അതായത് 2024-ൽ തന്നെ ഒരു പ്രവാസി മലയാളിയുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ പോയത് എന്തിനാണ്.
സ്ഥലം രജിസ്റ്റർ ചെയ്യാനെന്ന പേരിൽ ഒരു പ്രവാസിയുടെ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വ്യക്തിയുമായി കെപിസിസി എന്തെങ്കിലും കരാർ ഉണ്ടാക്കിയിട്ടുണ്ടോ എന്നിങ്ങനെയാണ് നികേഷ് കുമാര്‍ ഉന്നയിക്കുന്നത്. സ്ഥലം രജിസ്റ്റർ ചെയ്തത് 2026-ൽ ആണെന്നിരിക്കെ, 2024-ൽ തന്നെ പണം കൈമാറിയതിലെ ദുരൂഹത നീക്കണമെന്നും നികേഷ് കുമാർ ആവശ്യപ്പെട്ടു.
