സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന പശ്ചാത്തലത്തിൽ എട്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നും നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് അനുഭവപ്പെട്ടേക്കാം.

സാധാരണ ലഭിക്കേണ്ടതിനേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഉയർന്ന താപനിലയ്‌ക്കൊപ്പം അന്തരീക്ഷത്തിലെ ഈർപ്പമുള്ള വായുവും ചേരുന്നത് മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും ചൂടിനും കാരണമാകും. വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ചയും സമാനമായ കാലാവസ്ഥ തുടരുമെന്നതിനാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരും വോട്ട് രേഖപ്പെടുത്താൻ എത്തുന്നവരും മതിയായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *