പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിന് ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമ്മയെ വെടിവച്ചു കൊന്നു. അച്ഛന്റെ തോക്ക് ഉപയോഗിച്ചാണ് മകന്‍ അമ്മയ്ക്ക് നേരെ വെടിയുതിര്‍ത്തത്.
തലയ്ക്ക് വെടിയേറ്റ അമ്മ ഉടന്‍ മരിച്ചു. കുട്ടി ഗെയിമിന് അടിമയായിരുന്നെന്നും കളിക്കുന്നതില്‍നിന്ന് അമ്മ തടയാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇക്കാര്യം ആരോടും പറയരുതെന്ന് 9 വയസ്സുകാരിയായ സഹോദരിയെ ഭീഷണിപ്പെടുത്തി. ശേഷം മൃതദേഹം ഒളിപ്പിച്ചു. മൃതദേഹത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അകറ്റാന്‍ കുട്ടി റൂം ഫ്രഷ്നര്‍ ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു. ജോലിക്കായി വീട്ടിലെത്തിയ ഇലക്ട്രീഷ്യനാണ് അമ്മയെ വെടിവച്ചുകൊന്നതെന്നാണ് ആദ്യം പിതാവിനോടും പൊലീസിനോടും പറഞ്ഞത്. കുട്ടിയെ കസ്റ്റഡിയിലെടുത്തതായും കൂടുതല്‍ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് അറിയിച്ചു.

മകന്‍ പബ്ജിയില്‍ അടിമപ്പെട്ടതായി മനസ്സിലാക്കിയതോടെയാണ് കുട്ടിയെ അമ്മ പബ്ജി കളിക്കുന്നതില്‍ നിന്ന് വിലക്കിയത്. പല തവണ ആവശ്യപ്പെട്ടിട്ടും മൊബൈല്‍ നല്‍കാന്‍ അമ്മ തയ്യാറാകാതെ വന്നതോടെ അച്ഛന്റെ തോക്കെടുത്ത് അമ്മയെ കുട്ടി വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *