ആഗോളതലത്തില്‍ ബ്രെയിന്‍ ട്യൂമറുകള്‍ ഒരു പ്രധാന ആരോഗ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നതായാണ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്.ബ്രെയിന്‍ ട്യൂമറുകള്‍ ലോകവ്യാപകമായി നിരന്തരം കണ്ടെത്തുകയും ചികിത്സിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും അവയെക്കുറിച്ച് കൃത്യമായ അവബോധത്തിന്റെയും ഗവേഷണത്തിന്റെയും അഭാവം ഇപ്പോഴും നിലനില്‍ക്കുന്നു.

ഓരോ വര്‍ഷവും ഏകദേശം 30,000 പുതിയ ബ്രെയിന്‍ ട്യൂമര്‍ കേസുകള്‍ കണ്ടെത്തുന്നതായി കണക്കുകള്‍ പറയുന്നു. ഇന്ത്യയിലെ കാന്‍സര്‍ കേസുകളില്‍ ഏകദേശം രണ്ടു ശതമാനം ബ്രെയിന്‍ ട്യൂമറുകളാണ്. കേരളത്തില്‍, ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്രെയിന്‍ ട്യൂമറുകളുടെ നിരക്ക് താരതമ്യേന കൂടുതലാണ്.

ആഗോളതലത്തില്‍, കുട്ടികളിലും കൗമാരക്കാരിലും ക്യാന്‍സറുമായി ബന്ധപ്പെട്ട മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ബ്രെയിന്‍ ട്യൂമറുകളാണ്. പ്രായപൂര്‍ത്തിയായവരില്‍ രോഗാവസ്ഥയ്ക്കും മരണത്തിനും ഒരു പ്രധാന കാരണവും അവയാണ്.

രണ്ട് പ്രധാന തരം ബ്രെയിന്‍ ട്യൂമറുകള്‍ ആണ് ഉള്ളത്- മാരകമായ (കാന്‍സര്‍) മുഴകള്‍, അപകടകരമല്ലാത്ത (ബിനൈന്‍) മുഴകള്‍. ബ്രെയിൻ ട്യൂമർ ജീവന് ഭീഷണിയാകുമെങ്കിലും ഇവ പലപ്പോഴും പൂർണ്ണമായും ചികിത്സിക്കാവുന്നതാണ്. ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ആന്റി-സെഷർ മരുന്നുകൾ, സ്റ്റിറോയിഡ് ചികിത്സ എന്നിവ ചികിത്സകളിൽ ഉൾപ്പെടുന്നു. പലപ്പോഴും ട്യൂമർ വളർച്ച ക്യാൻസർ ആകണമെന്നുമില്ല. തലച്ചോറിന്റെ ഏത് ഭാഗത്താണ് ട്യൂമർ പിടിപ്പെട്ടിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ലക്ഷണങ്ങളും പ്രകടമാകുന്നത്. കഠിനമായ തലവേദനയാണ് ട്യൂമറിന്റെ പ്രധാന ലക്ഷണം. ഇടവിട്ടിടവിട്ടുള്ള ഈ തലവേദന ട്യൂമറുള്ള സ്ഥലത്തെ കേന്ദ്രീകരിച്ചായിരിക്കും അനുഭവപ്പെടുക.

രോഗലക്ഷണങ്ങള്‍ തിരിച്ചറിയുക, നേരത്തെ കണ്ടെത്തുക

ലോക ബ്രെയിന്‍ ട്യൂമര്‍ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന് ബ്രെയിന്‍ ട്യൂമറുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക എന്നതാണ്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് നേരത്തെ രോഗം കണ്ടെത്തുന്നതിനും സമയബന്ധിതമായ മെഡിക്കല്‍ ഇടപെടലുകള്‍ക്കും നിര്‍ണായകമാണ്. മുഴയുടെ സ്ഥാനത്തെയും വലുപ്പത്തെയും ആശ്രയിച്ച് ലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം, എന്നാല്‍ നിരന്തരമായ തലവേദന, അപസ്മാരം, വൈജ്ഞാനിക കഴിവുകളിലെ മാറ്റങ്ങള്‍, വൈകാരികമായ അസ്വസ്ഥതകള്‍, ബാലന്‍സ് പ്രശ്‌നങ്ങള്‍, വ്യക്തിത്വ മാറ്റങ്ങള്‍ എന്നിവ ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം. ഇതില്‍ എന്തെങ്കിലും ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *