പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ . ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ നിയമ സഭയിൽ നിന്നും വാക്കൗട്ട് നടത്തി.
മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തന്നെയാണ് സി എ എ ക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതരതത്വങ്ങള്‍ക്ക് വിരുദ്ധമാണ് പൗരത്വഭേദഗതി നിയമമെന്നും ഇത് രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുമെന്നും പ്രമേയഅവതരണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് പറഞ്ഞു.
”ഒരു ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരികൾ എല്ലാ ജനങ്ങളുടെയും വികാരങ്ങളും വിചാരങ്ങളും ഉൾകൊണ്ട് പ്രവർത്തിക്കുന്നവരാകണം. പക്ഷേ സി.എ.എ അഭയാർഥികളെ സ്വീകരിക്കുന്നതിന് പകരം മതത്തിന്റെ പേരിലും വരുന്ന രാജ്യങ്ങളുടെ പേരിലും വേർതിരിക്കുന്നു” -സ്റ്റാലിൻ വ്യക്തമാക്കി .
അതെ സമയം ശ്രീലങ്കൻ തമിഴ് അഭയാർഥികൾക്ക് രാജ്യത്ത് പൗരത്വം നേടുന്നതിനുള്ള സാധ്യതകളും സി.എ.എ തടയുന്നുവെന്ന് സ്റ്റാലിൻ കൂട്ടിച്ചേർത്തു . തമിഴ്നാടിന് പുറമെ കേരളം, പശ്ചിമബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളും കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് അടക്കമുള്ള സംസ്ഥാനങ്ങളും സി.എ.എക്കെതിരെ നേരത്തേ പ്രമേയം പാസാക്കിയിരുന്നു.
