ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ തലസ്ഥാനത്ത് എത്തുന്ന ലോകനേതാക്കൾക്ക് വിളമ്പുന്നത് പൂർണ വെജിറ്റേറിയൻ വിഭവങ്ങൾ. മാംസാഹാരങ്ങൾ പൂർണമായി ഒഴിവാക്കിയാണ് ലോകനേതാക്കൾക്കുള്ള മെനു തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗത വിഭവങ്ങളും പ്രാദേശിക വിഭവങ്ങളും ഇതിനായി അതിഥികൾക്കായി പ്രത്യേകം പാകം ചെയ്യും.2023 മില്ലറ്റ് വർഷമായി ആചരിക്കുന്നതിനാൽ മില്ലറ്റ് വിഭവങ്ങൾക്കാണ് മെനുവിൽ മുഖ്യപ്രാധാന്യം നൽകിയിരിക്കുന്നത്. സപെഷ്യൽ മില്ലറ്റ് താലി, മില്ലറ്റ് പുലാവ്,മില്ലറ്റ് ഇഡ്ഡലി എന്നിവയാണ് പ്രധാനം. രാജസ്ഥാനിലെ ബത്തി ചുർമ, ദക്ഷിണേന്ത്യൻ മസാലദോശ,ബിഹാറിലെ ലിറ്റി ചോക്ക, ബംഗാളി രസഗുള , തുടങ്ങിയ വിഭവങ്ങളും മെനുവിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യൻ സ്ട്രീറ്റ് ഫുഡിൻ്റെ പ്രധാനകേന്ദ്രമായ ചാന്ദ്‌നി ചൗക്കിൽ നിന്നുള്ള വിഭവങ്ങളും പ്രത്യേകം തയ്യാറാക്കുന്നുണ്ട്.
ഇത്തവണ ഭക്ഷണം വിളമ്പാൻ ഉപയോഗിക്കുന്ന പാത്രങ്ങൾക്കുമുണ്ട് പ്രത്യേകതകൾ. ഭാരതീയ സാംസ്കാരിക പാരമ്പര്യം ഉൾപ്പെടുത്തിയാണ് പാത്രങ്ങളുടെ രൂപകല്പന .സ്വർണ്ണവും വെള്ളിയും പൂശിയ പാത്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ഐറിസ് ജയ്പൂർ ആണ് പാത്രങ്ങളുടെ നിർമ്മാണവും വിതരണവും ഏറ്റെടുത്തിരിക്കുന്നത്. അൻപതിനായിരം മണിക്കൂർ ജോലി ചെയ്താണ് പതിനയ്യായിരം വെള്ളിപ്പാത്രങ്ങൾ നിർമിച്ചതെന്നും ഇരുന്നൂറ് കരകൗശല വിദഗ്ദ്ധരാണ് പാത്രങ്ങൾ ഉണ്ടാക്കിയതെന്നും കമ്പനി അറിയിച്ചു.
