എയര്‍ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം. പതിനെട്ടായിരം കോടി രൂപയ്ക്കാണ് ടാറ്റ സണ്‍സ് എയര്‍ ഇന്ത്യ സ്വന്തമാക്കിയത്. എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തില്‍ ഉയര്‍ന്ന തുക മുന്നോട്ടുവെച്ച ടാറ്റ സണ്‍സ് വിജയിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.സ്പൈസ് ജെറ്റായിരുന്നു ലേലത്തില്‍ ടാറ്റയുടെ പ്രധാന എതിരാളി. എയര്‍ ഇന്ത്യയ്ക്ക് പുറമെ ചെലവ് കുറഞ്ഞ സര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസും ഗ്രൗണ്ട് ഹാന്‍ഡലിങ് വിഭാഗമായ എയര്‍ ഇന്ത്യ സാറ്റ്സിന്റെ അമ്പത് ശതമാനം ഓഹരികളും ഇനി ടാറ്റ സണ്‍സിന് സ്വന്തമായിരിക്കും.18000 കോടി രൂപയ്ക്കാണ് എയര്‍ഇന്ത്യയെ ടാറ്റ സണ്‍സിന് കൈമാറുന്നത്. ഡിസംബറോടെ ഇടപാട് പൂര്‍ത്തിയാകുമെന്ന്് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതി എയര്‍ ഇന്ത്യയുടെ ടെന്‍ഡറിന് അംഗീകാരം നല്‍കിയിരുന്നു. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമാണ് ഇന്ന് നടന്നത്.
ജെആര്‍ഡി തുടക്കത്തില്‍ ടാറ്റ എയര്‍ സര്‍വീസസ് എന്നും പിന്നീട് ടാറ്റ എയര്‍ലൈന്‍സ് എന്നും പേരിട്ട് തുടക്കം കുറിച്ച വിമാന സര്‍വീസ് 1953ലാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്.
