കേരളത്തിലുടനീളമുള്ള റെയിൽവേ മേൽപ്പാലങ്ങളുടെ അടിഭാഗത്ത് വി പാർക്കുകൾ നിർമ്മിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിരവധി റെയിൽവേ മേൽപ്പാലങ്ങളുടെ അടിഭാഗം സൗന്ദര്യവൽക്കരണത്തിന് വേണ്ടി വിനോദസഞ്ചാര വകുപ്പ് ഭരണാനുമതി നൽകി കഴിഞ്ഞുവെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

കൊല്ലം ഇരവിപുരം മണ്ഡലത്തിൽ വി പാർക്ക് പൂർത്തീകരിച്ചിട്ടുണ്ട്. രാത്രി വൈകിയും നിരവധി ആളുകളാണ് ഈ പാര്‍ക്കിലേക്കെത്തുന്നത്. വിവിധ ഇടങ്ങളിൽ പാര്‍ക്കുകള്‍ നിര്‍മ്മിക്കാൻ കഴിയും. അതിന് എല്ലാവരുടെയും സഹായസഹകരണങ്ങൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

ദേശീയപാത മേൽപ്പാലങ്ങളുടെ കീഴിലും ഇത്തരത്തിൽ നിരവധി സ്ഥലമുണ്ട്. അത് ഉപയോഗപ്പെടുത്താൻ കഴിയുമോയെന്നത് ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ പൊതുമരാമത്ത് പാലങ്ങളുടെ കീഴിലാണ് വി പാർക്കുകൾ നിർമ്മിച്ചിട്ടുള്ളത്. 23 വി പാർക്കുകൾക്കുള്ള പദ്ധതി രേഖ ഇതിനകം തയ്യാറായിട്ടുണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

2021ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ അഞ്ചുവർഷം കൊണ്ട് 100 പാലങ്ങൾ എന്നതായിരുന്നു പറഞ്ഞത്. എന്നാല്‍ നാലുവർഷം കൊണ്ടുതന്നെ 100 പാലങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ കാര്യത്തിൽ നല്ല നിലയിൽ തന്നെ മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. ആലുവയിൽ ഒന്നും നടക്കാതിരുന്ന റെയിൽവേ ഓവർ ബ്രിഡ്ജിന് 2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോഴാണ് ഫണ്ട് അനുവദിച്ചത്. 2021ൽ വീണ്ടും പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് അതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. സമരം ചെയ്യുന്ന ആലുവ എംഎൽഎ കേൾക്കുന്നുണ്ടല്ലോയെന്നും മന്ത്രി മുഹമ്മദ് റിയാസ് പരിഹാസത്തോടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *