കര്‍ഷക പ്രതിഷേധത്തിന് ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ഉടമസ്ഥതയിലുള്ള വാഹനമിടിച്ച് കയറ്റി നാല് കര്‍ഷകര്‍ മരിക്കാനിടയാക്കിയ കേസിന്റെ അന്വേഷത്തിന്റെ മേൽനോട്ടം വഹിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് സുപ്രീം കോടതി.കേസിന്റെ വാദം കേൾക്കുമ്പോളാണ് സുപ്രീം കോടതിഇക്കാര്യം വ്യക്തമാക്കിയത് .

ലഖിംപൂര്‍ സംഭവത്തില്‍ യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലുള്ള അതൃപ്തിയും സുപ്രീം കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ പുതിയതായി ഒന്നുമില്ലെന്ന് പറഞ്ഞ കോടതി പ്രതികളുടെ ഫോണ്‍ പിടിച്ചെടുക്കാത്തതിലും സർക്കാരിനെ വിമർശിച്ചു .

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കേണ്ട ജഡ്ജിയെ തങ്ങള്‍ തന്നെ തീരുമാനിക്കുമെന്നും ജഡ്ജി ഉത്തര്‍പ്രദേശിന് പുറത്ത് നിന്നുള്ള വ്യക്തിയായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിക്കുന്ന വ്യക്തിയെ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന സൂചന കൂടിയാണ് കോടതി ഇതിലൂടെ നല്‍കിയത്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ നിന്നും വിരമിച്ച രണ്ട് ജഡ്ജിമാരുടെ പേരും സുപ്രീം കോടതി മുന്നോട്ട് വച്ചു. വിഷയത്തില്‍ യുപി സര്‍ക്കാറിന്റെ നിലപാടും കോടതി തേടി.

എന്നാല്‍, വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു സര്‍ക്കാറിന് വേണ്ടി ഹാജറായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചത്. തുടര്‍ന്ന വെള്ളിയാഴ്ചയ്ക്കകം നിലപാട് അറിയിക്കണം എന്നും കോടതി നിര്‍ദശിച്ചു. ഇതിന് പിന്നാലെ വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്ന സൂചനയും കോടതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *