ലഖ്നൗ: നാല് ലക്ഷം രൂപയ്ക്ക് അമ്മ തന്നെ വിറ്റെന്ന പരാതിയുമായി 18കാരി. ഉത്തര്‍പ്രദേശിലെ മഹേസ്രയില്‍ നിന്നുള്ള യുവതിയാണ് ആരോപണം ഉന്നയിച്ചത്. യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ഹരിയാന സ്വദേശിക്ക് വിവാഹമെന്ന പേരിലാണ് അമ്മ തന്നെ വിറ്റതെന്ന് യുവതി നല്കിയ പരാതിയില്‍ പറയുന്നു. വിവാഹം ചെയ്തയാള്‍ പല വഴിവിട്ട കാര്യങ്ങള്‍ക്കും തന്നെ നിര്‍ബന്ധിച്ചു. തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും യുവതി പറഞ്ഞു. നവംബര്‍ 23 ന് തന്റെ വീട്ടിലായിരുന്നു വിവാഹ ചടങ്ങെന്ന് യുവതി പരാതിയില്‍ പറയുന്നു. ഹരിയാന സ്വദേശിയായ യുവാവില്‍ നിന്ന് അമ്മ 4 ലക്ഷം രൂപ വാങ്ങിയ ശേഷമാണ് വിവാഹം നടന്നതെന്നും യുവതിയുടെ പരാതിയിലുണ്ട്.
അമ്മയും മറ്റ് കുടുംബാംഗങ്ങളും യുവതിയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. യുവതിയുടെ ആരോപണങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ചിലുവാല്‍ പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ സഞ്ജയ് മിശ്ര പറഞ്ഞു.
