പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് ചെന്നൈയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് ആണ് ആത്മഹത്യ ചെയ്തത്. 19 വയസായിരുന്നു. ഫീസ് അടച്ചിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. ചെന്നൈ എസ്ആർഎം കോളജിലെ ഒന്നാം വർഷ റെസ്പിറേറ്ററി തെറാപ്പി വിദ്യാർത്ഥിയായിരുന്നു ആനിഖ്. നാളെ ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിയുടെ ആത്മഹത്യ.

ഹാജർ ഇല്ലാത്തതിനാൽ പരീക്ഷ എഴുതാൻ സമ്മതിക്കില്ലെന്ന് കോളജ് അധികൃതർ ആനിഖിനോട് പറഞ്ഞതായി ചില വിദ്യാർത്ഥികൾ അറിയിക്കുന്നുണ്ട്. പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ ഈ സെമസ്റ്റർ നഷ്ടപ്പെടുമെന്ന് ഓർത്ത് വിദ്യാർത്ഥി വല്ലാതെ അസ്വസ്ഥനായിരുന്നുവെന്നും സൂചനയുണ്ട്. ഡിസംബർ പകുതിയോടെയാണ് ആനിഖ് കോളജിൽ നിന്ന് കോഴിക്കോട്ടെ വീട്ടിൽ അവധിക്കെത്തിയത്. ആസ്മ ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടായിരുന്നതിനാലാണ് ആനിഖിന് പലപ്പോഴും ക്ലാസിൽ കയറാൻ കഴിയാതിരുന്നതെന്നും നാട്ടുകാരും മറ്റ് വിദ്യാർത്ഥികളും പറയുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

വൈകീട്ട് മൂന്ന് മണിയോടെയാണ് നടക്കാവ് വീടിനുള്ളിൽ ആനിഖിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാളെ പരീക്ഷ തുടങ്ങാനിരിക്കുന്നതിനാൽ ആനിഖ് ഇന്ന് ചെന്നൈയിലേക്ക് മടങ്ങുമെന്നായിരുന്നു ആദ്യം വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ കൂട്ടുകാരെല്ലാവരും ചെന്നൈയിലേക്ക് പുറപ്പെടാനിരിക്കെ താൻ പോകുന്നില്ലെന്ന് ആനിഖ് എല്ലാവരേയും അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *