വിജയ് ചിത്രം ജനനായകന്റെ റിലീസിന് അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചിത്രം രണ്ടാമതും സെൻസറിങ്ങിന് വിധേയമായതോടെ സർട്ടിഫിക്കറ്റ് ലഭിക്കാൻ ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയെ സമീപിച്ചിരുന്നു. U/A സർട്ടിഫിക്കറ്റ് നൽകാനാണ് ഉത്തരവായത്. സെന്‍സര്‍ബോര്‍ഡിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ചിത്രത്തിന്റെ റിലീസ് തിയ്യതി ഉടനെ പ്രഖ്യാപിക്കും.
ജനുവരി ഒമ്പതിന് പൊങ്കൽ റിലീസായാണ് ജനനായകന് തീയേറ്ററിൽ എത്താനിരുന്നത്. എന്നാൽ റീ സെൻസറിങ് വിവാദമുണ്ടായതിനെ തുടർന്ന് റിലീസ് അനിശ്ചിതമായി മാറ്റുകയായിരുന്നു. കോടികളുടെ നഷ്ടമാണ് റിലീസ് മാറ്റിയതിലൂടെ നിർമാതാക്കൾക്ക് ഉണ്ടായതെന്നാണ് വിവരം. ഓൺലൈൻ ബുക്കിങിലൂടെ മാത്രം ഏകദേശം അൻപത് കോടിയായിരുന്നു ആഗോള കളക്‌ഷനായി ചിത്രത്തിനു ലഭിച്ചത്. മുൻകൂറായി പണമടച്ച് ബുക്ക് ചെയ്ത ഫാൻസ് ഷോകളും റദ്ദാക്കിയിരുന്നു.
വിജയ്‍യുടെ രാഷ്ട്രീയപ്രവേശനത്തിന് മുമ്പുള്ള അവസാന ചിത്രമാണ് ജനനായകൻ. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമതർക്കത്തെത്തുടർന്നാണ് റിലീസ് അനിശ്ചിതത്വത്തിലായത്.
സെൻസർ ബോർഡ് നിർദേശിച്ച 27 മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ തയ്യാറാകാത്തതിനെത്തുടർന്ന് നിർമാതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നും സായുധ സേനയെ മോശമായി ചിത്രീകരിച്ചുവെന്നുമുള്ള പരാതികളെത്തുടർന്ന് ചിത്രം പുനപരിശോധനയ്ക്കായി റിവൈസിങ് കമ്മിറ്റിക്ക് കൈമാറിയെന്നാണ് സെൻസർ ബോർഡ് കോടതിയിൽ നൽകിയ വിശദീകരണം. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, നരേൻ എന്നിവരും അഭിനയിക്കുന്നുണ്ട്.
