ന്യൂഡൽഹി: മുസ്‌ലീം പളളികളിലെ സ്ത്രീകളുടെ പ്രർത്ഥനാ ചടങ്ങുകളുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയെ നിലപാടറിയിച്ച് മുസ്‌ലീം വ്യക്തിനിയമ ബോർഡ്. പള്ളികളിൽ പുരുഷന്മാർക്കൊപ്പം പ്രാർത്ഥിക്കാൻ സ്ത്രീകൾക്ക് മതത്തിൽ അനുവാദമില്ലെന്ന് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽമുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിനോ പ്രാർത്ഥന നടത്തുന്നതിനോ വിലക്കില്ലെന്നും ബോർഡ് വ്യക്തമാക്കി.

‘സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കുന്നത് ഇസ്ലാമിക് മതഗ്രന്ഥങ്ങൾ വിലക്കിയിട്ടില്ല. പ്രാർത്ഥനയും വിലക്കിയിട്ടില്ല. എന്നാൽ സ്ത്രീക്കും, പുരുഷനും ഒരേ സ്ഥലത്ത് പ്രാർത്ഥന നടത്താൻ മതം അനുവദിക്കുന്നില്ല. പള്ളി കമ്മിറ്റികൾ തന്നെ പള്ളികളിൽ സ്ത്രീകൾക്ക് പ്രാർത്ഥിക്കാൻ പ്രത്യേക സ്ഥലം ഒരുക്കും. ഇതുസംബന്ധിച്ച് എല്ലാ പള്ളി കമ്മിറ്റികൾക്കും നിർദേശം നൽകിയിട്ടുണ്ട്’, ബോർഡ് കോടതിയെ അറിയിച്ചു. മതഗ്രന്ഥങ്ങളിൽ ലിംഗത്തിന്റെ പേരിലുള്ള വേർതിരിവ് പറഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ ബോർഡ് പറഞ്ഞു.

അഭിഭാഷക ഫറ അൻവർ ഹുസ്സൈൻ ഷെയ്ഖ് നൽകിയ ഹർജിയിലാണ് മുസ്‌ലീം വ്യക്തി നിയമ ബോർഡ് നിലപാടറിയിച്ചത്. മക്കയിലും, മദീനയിലും പുരുഷന്മാർക്കൊപ്പം സ്ത്രീകളും ഉംറ നടത്തുന്നെണ്ടെന്നും അതിനാൽ മുസ്ലിം പള്ളികളിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും പ്രാർത്ഥന നടത്താനും നിസ്‌കരിക്കരിക്കാനും അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷക ഹർജി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *