മലപ്പുറം ചെമ്മാട് ഉള്ളിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു കടത്തിയ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസിൽ അഞ്ചിലധികം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിടിച്ചെടുത്ത ലോറിയുടെ ആർസി ഉടമ വണ്ടൂർ സ്വദേശിയായ സ്ത്രീയാണെങ്കിലും, ഇവരുടെ ഭർത്താവായ കർണാടക സ്വദേശിയാണ് വാഹനം കൈകാര്യം ചെയ്തിരുന്നത്. ഇയാൾ നേരത്തെയും സ്ഫോടകവസ്തുക്കൾ കടത്തിയ കേസിൽ പിടിയിലായിട്ടുള്ള വ്യക്തിയാണെന്ന് പോലീസ് വെളിപ്പെടുത്തി. ക്വാറികളിലും മറ്റും പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാണ് സേലത്ത് നിന്നും അനധികൃതമായി എത്തിച്ചത്. നിലവിൽ ലോറി ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ തിരൂരങ്ങാടി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഭവം നടന്ന സ്ഥലത്തെ ഹോളോബ്രിക്സ് യൂണിറ്റ് നടത്തിപ്പുകാരനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് എത്തിയതോടെ ഡ്രൈവറും കൂടെയുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടതിനാൽ പ്രതികളെല്ലാവരും നിലവിൽ ഒളിവിലാണ്. വാഹനത്തിൽ നിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഇവരെ കണ്ടെത്താനുള്ള നീക്കങ്ങൾ പോലീസ് ശക്തമാക്കി. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവറെ ഒന്നാം പ്രതിയാക്കിയും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരെ ഉൾപ്പെടുത്തിയുമാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *