ഫറോക്ക്: കഴിഞ്ഞ ഒരു മാസത്തിനിടെ ഫറോക്ക്, പന്നിയങ്കര പരിസരങ്ങളിൽ നിന്ന് നാലോളം ബൈക്കുകൾ കവർന്ന കേസിൽ കുട്ടിമോഷ്ടാക്കൾ പിടിയിൽ. ഫറോക്ക് എ.സി.പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും സബ് ഇൻസ്‌പെക്ടർ സജിനി ടി.എം.ന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്നാണ് സംഘത്തെ പിടികൂടിയത്.
കഴിഞ്ഞ മാസം 10-ന് ഫറോക്ക് വ്യാപാരഭവന് സമീപത്ത് നിന്ന് കടലുണ്ടി സ്വദേശി രാജേഷിന്റെ ബൈക്ക് മോഷണം പോയ സംഭവത്തിലാണ് അന്വേഷണം ഊർജിതമായത്. സ്കൂൾ സെന്റ് ഓഫ് പരിപാടിക്ക് മോഷ്ടിച്ച ബൈക്കുമായി കുട്ടികൾ എത്തിയെന്ന രഹസ്യവിവരത്തെത്തുടർന്ന് ക്രൈം സ്ക്വാഡ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മോഷ്ടിച്ച ബൈക്കുമായി സംഘത്തെ പോലീസ് പിടികൂടി.
ഫറോക്ക്, പന്നിയങ്കര, കല്ലായി റെയിൽവേ സ്റ്റേഷൻ, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നാണ് സംഘം ബൈക്കുകൾ മോഷ്ടിച്ചത്. ഉടമസ്ഥർക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം വണ്ടികൾക്ക് ഇവർ രൂപമാറ്റം വരുത്തിയിരുന്നു. നമ്പർ പ്ലേറ്റുകൾ മാറ്റിയും, സ്പ്രേ പെയിന്റ് അടിച്ചും, മിററുകൾ ഒഴിവാക്കിയുമായിരുന്നു മേക്കോവർ. 4,000 രൂപ മുതൽ 10,000 രൂപ വരെയുള്ള തുച്ഛമായ വിലയ്ക്കാണ് ഇവർ മോഷ്ടിച്ച വാഹനങ്ങൾ വിറ്റിരുന്നത്.
പ്രതികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. ഫറോക്ക് ക്രൈം സ്‌ക്വാഡ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അരുൺ കുമാർ മാത്തറ, സീനിയർ സി.പി.ഒ.മാരായ ഐ.ടി. വിനോദ്, അനൂജ് വളയനാട്, സി.പി.ഒ.മാരായ സനീഷ് പി.എം., പി. സുബീഷ് വെങ്ങേരി, അഖിൽ ബാബു, ഫറോക്ക് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അബ്ദുൽ റഹീം, സിനിയർ സിവിൽ പോലീസ് ഓഫീസർ അഷ്റഫ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
