ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനായി ബിജെപിയുടെ നിർണ്ണായക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകിട്ട് ഡൽഹിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷമാകും സംസ്ഥാന നേതാക്കളുമായുള്ള ചർച്ചകൾ നടക്കുക. കേരളത്തിലെ 50 ശതമാനത്തോളം സീറ്റുകളിൽ ഇന്ന് തന്നെ ധാരണയാകുമെന്നാണ് സൂചന. സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ അംഗീകാരം നൽകാനാണ് സാധ്യത. ഘടകകക്ഷി നേതാക്കളായ തുഷാർ വെള്ളാപ്പള്ളിയും സാബു ജേക്കബും മത്സരരംഗത്തുണ്ടാകണമെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം.

ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ തന്നെ തിരുവനന്തപുരത്തും പാലക്കാടും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപി ചുവരെഴുത്തുകൾ ആരംഭിച്ചു കഴിഞ്ഞു. പാലക്കാട് മണ്ഡലത്തിൽ ശോഭ സുരേന്ദ്രൻ ഇതിനോടകം തന്നെ പ്രചാരണത്തിന് തുടക്കമിട്ടു. മൂത്താൻതറ കർണ്ണകിയമ്മൻ ക്ഷേത്രദർശനത്തിന് ശേഷം ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തും പ്രാദേശിക നേതാക്കളെ കണ്ടും അവർ സജീവമാണ്. തുടക്കത്തിൽ ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവന്റെ അസാന്നിധ്യം ചർച്ചയായെങ്കിലും പിന്നീട് മുതിർന്ന നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് അദ്ദേഹം ശോഭയുടെ പരിപാടികളിൽ പങ്കുചേർന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പട്ടിക പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ.

പാർട്ടിയിൽ ഭിന്നതകളില്ലെന്നും തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ തനിക്ക് മകനെപ്പോലെയാണെന്നും തങ്ങൾക്കിടയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും അവർ വ്യക്തമാക്കി. പ്രശാന്ത് ശിവനാണ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെങ്കിൽ അദ്ദേഹത്തെ രണ്ട് ഷാൾ ഇട്ട് സ്വീകരിക്കാൻ താൻ തയ്യാറാണെന്നും ശോഭ കൂട്ടിച്ചേർത്തു. പിണക്കങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് സജീവമായ പ്രചാരണവുമായാണ് ബിജെപി പാലക്കാട് മണ്ഡലത്തിൽ മുന്നോട്ട് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *