കേരളത്തെ നടുക്കിയ പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിൽ വിചാരണ ആരംഭിച്ചു. തമിഴ്‌നാട്‌ ധർമപുരം സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി അഞ്ചിലാണ്‌ വിചാരണ തുടങ്ങിയത്. പത്മയുടെ ഇളയസഹോദരിയും കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരിയുമായ പഴനിയമ്മയെയാണ് ആദ്യ ദിവസം വിസ്തരിക്കുന്നത്.

കേരളത്തെ ഞെട്ടിച്ച അതിക്രൂരമായ ആഭിചാര കൊലക്കേസിലാണ് വിചാരണ തുടങ്ങിയത്. കേസിലെ പ്രതികളായ പെരുമ്പാവൂർ സ്വദേശി മുഹമ്മദ്‌ ഷാഫി, ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ്‌, ഭാര്യ ലൈല എന്നിവരെ വിചാരണയുടെ ഭാഗമായി കോടതിയില്‍ എത്തിച്ചിരുന്നു. പ്രോസിക്യൂഷനെ സംബന്ധിച്ച് വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അജകുമാര്‍ പറഞ്ഞു.

സാമ്പത്തിക ഉന്നമനത്തിനും ഐശ്വര്യത്തിനുമായി പൂജ നടത്താം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച മുഹമ്മദ് ഷാഫി പത്മയേയും റോസിലിയേയും ഭഗവൽ സിങ്ങിന്റെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. 2022 ജൂണ്‍ , സെപ്‌തംബർ മാസങ്ങളിലായിരുന്നു കൊലപാതകങ്ങള്‍ നടന്നത്.

ഒക്‌ടോബർ പതിനൊന്നിന് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്‌തു. ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു ഷാഫിയുടെ ലക്ഷ്യം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു മറ്റു രണ്ട്‌ പ്രതികളുടെയും ഉന്നം. പത്മയുടെയും റോസിലിയുടെയും മാംസം ഉരുളിയിൽ പാകം ചെയ്ത്‌ പ്രതികൾ കഴിച്ചതായും കുറ്റപത്രത്തിലുണ്ട്‌. കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, മോഷണം, മൃതദേഹത്തോട്‌ അനാദരവ്‌ തുടങ്ങിയ കുറ്റങ്ങളാണ്‌ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്‌. ജഡ്ജ് ടി മധുസൂദനനാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശിനി റോസിലിയുടെ കൊലപാതകക്കേസിൽ അടുത്തയാഴ്‌ച വിചാരണ തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *