കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കണ്ണൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി (2) വരും വ്യാഴാഴ്ച വിധി പറയും. അന്വേഷണം രാഷ്ട്രീയമായി സ്വാധീനിക്കപ്പെട്ടുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നുമാണ് നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ ആരോപിച്ചത്.

അതേസമയം, നിലവിലെ അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ ഹൈക്കോടതിയും സുപ്രീം കോടതിയും അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയിരുന്നതായും പ്രോസിക്യൂഷൻ വാദിച്ചു. ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ അത് സമയബന്ധിതമായി പൂർത്തിയാക്കണമെന്നുമാണ് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്.

2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് അനുമതിയില്ലാതെ എത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കളക്ടർ അരുൺ കെ. വിജയന്റെ സാന്നിധ്യത്തിൽ നടത്തിയ പരസ്യവിമർശനത്തിൽ മനംനൊന്ത് അദ്ദേഹം ജീവനൊടുക്കി എന്നാണ് കേസ്. 

Leave a Reply

Your email address will not be published. Required fields are marked *